ന്യൂഡൽഹി: കൊറോണ കാരണം രാജ്യത്താകെ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ജനങ്ങളോട് മാപ്പ് പറഞ്ഞു. ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം ആദ്യമായി മൻ കി ബാത്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു. നിങ്ങൾ എനിക്ക് മാപ്പ് തരുമെന്ന് എന്റെ മനസാക്ഷി എന്നോട് പറയുന്നു. രാജ്യത്തെ പാവപ്പെട്ട മനുഷ്യരെ ഇത്രയും ദുരിതത്തിലാക്കിയ ഞാൻ എന്തൊരു പ്രധാനമന്ത്രിയാണെന്ന് അവർ ചിന്തിക്കുന്നുണ്ടാവും. ലോക്ഡൗണിൽ ചിലർക്ക് അസംതൃപ്തിയും കാണും. പക്ഷേ ഇതു മാത്രമായിരുന്നു പോംവഴി. ഇതൊരു ജീവന്മരണ പോരാട്ടമാണ്.
രോഗങ്ങൾ കൈവിട്ടു പോകും മുമ്പ് അവയെ നിയന്ത്രിക്കണമെന്നാണ് നമ്മുടെ വിശുദ്ധഗ്രന്ഥങ്ങൾ പറയുന്നത്. കൊറോണ വൈറസ് ജനങ്ങളെയും ലോകത്തെ മൊത്തമായും തടവിലാക്കിയിരിക്കയാണ്. അത് എല്ലാവരെയും എല്ലാത്തിനെയും വെല്ലുവിളിക്കുന്നു. അറിവിനെ, ശാസ്‌ത്രത്തെ, പാവപ്പെട്ടവരെ, സമ്പന്നരെ, ദുർബലരെ, ശക്തരെ...അതിന് പടരാൻ രാജ്യങ്ങളും അതിർത്തികളും കാലാവസ്ഥയും ഒന്നും തടസമല്ല. ഇത്തരം സന്ദർഭങ്ങളിൽ മുൻകരുതലുകൾ പ്രധാനമാണ്. ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ അനുഗ്രഹം. നിയമങ്ങൾ ലംഘിക്കുന്നവർ സ്വന്തം ജീവൻ വച്ചാണ് കളിക്കുന്നത്. കൊറോണയ്‌ക്കെതിരെ യുദ്ധം ചെയ്യുന്ന മുന്നണി പ്പോരാളികളായ ഡോക്ടർമാരിൽ നിന്നും നഴ്‌സുമാരിൽ നിന്നും നാം പ്രചോദനം കൊള്ളണം.
കൊറോണയിൽ നിന്ന് മുക്തനായ ഹൈദരാബാദിലെ റാം എന്ന ഐ. ടി ജീവനക്കാരനുമായും കുടുംബത്തിലെ ആറ്പേർ രോഗ മുക്തരായ അശോക് കപൂർ എന്ന 73കാരനുമായും പ്രഭാഷണത്തിനിടെ മോദി സംസാരിച്ചു. അവരുടെ അനുഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വയ്ക്കാനും നിർദ്ദേശിച്ചു. തുടർന്ന് കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്‌ടർമാരുമായും മോദി സംസാരിച്ചു.
ഇത് നഴ്സുമാരുടെ വർഷമാണ്. അവരുടെ ആത്മസർപ്പണത്തിന് ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു. ഈ ആപൽസന്ധിയിൽ നമുക്ക് വെള്ളവും വൈദ്യുതിയും മുടങ്ങാതെ നോക്കുന്നവരും അവശ്യസാധനങ്ങൾ എത്തിക്കുന്നവരുമാണ് ഹീറോമാർ. അവർക്കും ഞാൻ നന്ദി പറയുന്നു.
സാമൂഹ്യ അകലം പാലിക്കുക വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതിന്റെ അർത്ഥം വൈകാരികമായി അകന്നു നിൽക്കുക എന്നല്ല. നമ്മുടെ മനുഷ്യത്വം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്. പാവങ്ങൾക്ക് ഭക്ഷണം നൽകാൻ ശ്രമിക്കണം. ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തു പോകരുത്. പുറത്തേക്കല്ല, അവനവന്റെ ഉള്ളിലേക്ക് നോക്കാനുള്ള അവസരമാണിത്. അതുപോലെ സ്വയം ആഹ്ലാദം കണ്ടെത്താനുള്ള അവസരവുമാണിത്. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന വീണയും തബലയുമൊക്കെ തപ്പിയെടുത്ത് ആളുകൾ പ്രാക്‌ടീസ് ചെയ്യുന്നത് സമൂഹ്യ മാദ്ധ്യമങ്ങളിൽ ഞാൻ കണ്ടു. അത് നിങ്ങൾക്ക് സന്തോഷത്തിന്റെ സംഗീതമാണ് പകരുന്നത്.
അസാധാരണമായ ഒരു മഹാമാരിയാണ് കൊറോണ. അതുകൊണ്ടാണ് അസാധാരണമായ തീരുമാനങ്ങൾ വേണ്ടിവന്നത്. ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് കൊറോണയെ തോൽപ്പിക്കും. നമുക്ക് അതിന് കഴിയും - പ്രധാനമന്ത്രി പറഞ്ഞു.