ന്യൂയോർക്ക്:കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിലെ ഇല്ലിനോയിയിൽ നവജാത ശിശു മരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു വയസിന് താഴെയുള്ള കുഞ്ഞ് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നത്.
ചിക്കാഗോ സ്വദേശിയായ കുഞ്ഞിന് കൊറോണ പരിശോധനാഫലം പോസിറ്റീവായിരുന്നു. 24 മണിക്കൂറായി കുട്ടി നിരീക്ഷണത്തിലായിരുന്നുവെന്നും കൊറോണ ബാധിച്ച് ഇവിടെ മരിക്കുന്ന ആദ്യ നവജാത ശിശുവാണിതെന്നും അധികൃതർ വ്യക്തമാക്കി. ലോകത്ത് മറ്റെവിടെയും കൊറോണ ബാധിച്ച് നവജാതശിശു മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ കുഞ്ഞിന്റെ മരണകാരണം വിശദമായി പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഇല്ലിനോയി ഗവർണർ ജെ.ബി പ്രിറ്റ്സ്കർ വാർത്താ സമ്മേളനത്തിലാണ് കുഞ്ഞ് മരിച്ച വിവരം വെളിപ്പെടുത്തിയത്. ഇല്ലിനോയിയിൽ ഈ കുഞ്ഞ് ഉൾപ്പെടെ 13 പേർ കൊറോണ ബാധിച്ച് മരിച്ചു.
അമേരിക്കയിൽ കൊറോണ മരണം 2, 211 ആയി. ഇന്നലെ മാത്രം 1900 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൊത്തം കേസുകൾ ഒന്നരലക്ഷത്തോളമായി. ന്യൂയോർക്കിൽ മാത്രം അരലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് വ്യാപനം തടയാൻ ന്യൂയോർക്കും ന്യൂജഴ്സിയുടെയും കണക്ടിക്കട്ടിന്റെയും ചില ഭാഗങ്ങളും ക്വാറന്റൈൻ ചെയ്യാൻ ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.