മുംബയ് : കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്കായി ഫെയ്‌സ് ഷീല്‍ഡ് നിർമിക്കുമെന്ന് മഹീന്ദ്ര. മഹീന്ദ്ര ഗ്രൂപ് മാനേജിംഗ് ഡയറക്ടർ പവൻ കെ ഗോയങ്കയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഫെയ്‌സ് ഷീല്‍ഡ് നിർമാണം നാളെ മുതൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യ മേഖലയിലെ മറ്റു പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഇത്തരക്കാർക്ക് സംരക്ഷണം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഫെയ്‌സ് ഷീല്‍ഡ് നിർമിക്കുന്നത്. എത്രയും വേഗം ഫെയ്‌സ് ഷീല്‍ഡിന്‍റെ നിർമാണം പൂർത്തിയാക്കുമെന്നും മഹീന്ദ്ര അറിയിച്ചു.
അതേസമയം വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി മഹീന്ദ്ര വെൻറിലേറ്റർ നിർമാണം ആരംഭിച്ചു കഴിഞ്ഞു. വാഹനനിർമാണ കമ്പനിയായ മാരുതിയും കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി വെൻറിലേറ്റർ നിർമിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ഫെയ്‌സ് ഷീല്‍ഡ് നിർമാണവുമായി മഹീന്ദ്ര രംഗത്ത് വന്നത്.