
ലോക്ക്ഡൗൺ അനുഭവത്തെപ്പറ്റി ഇന്ത്യൻ അത്‌ലറ്റ് കെ.ടി ഇർഫാൻ
"ഒത്തിരി പടവുകൾ നടന്നുകയറി ഒരു മലയുടെ മുകളിലെത്തിയെന്ന് കരുതിയതാണ്.പക്ഷേ മുന്നിലെ കോടമഞ്ഞ് മാറിയപ്പോൾ മറ്റൊരു മല. ഇത്രയും കയറിപ്പോയില്ലേ, ഇനി അതുംകൂടി നടന്നുകയറാം..." ബാംഗ്ളൂർ സായ് സെന്ററിലെ ഇന്ത്യൻ ക്യാമ്പിലിരുന്ന് ഫോണിലൂടെ ഇതു പറയുമ്പോൾ ഇന്ത്യയിലെ ഏറ്റവും 'നല്ല നടത്തക്കാരൻ' കെ.ടി ഇർഫാൻ ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരിക്കിടയിൽ ഒളിഞ്ഞിരിക്കുന്ന സങ്കടവുമുണ്ടായിരുന്നു.
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് മലപ്പുറത്തുകാരൻ കോലോത്തുംതൊടി ഇർഫാൻ. കഴിഞ്ഞ വർഷം മാർച്ചിൽ ജപ്പാനിലെ നൊവോമിയിൽ നടന്ന ഏഷ്യൻ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പിലാണ് ഇർഫാൻ 20 കി.മീ നടത്തയിൽ ഒളിമ്പിക് യോഗ്യത കരസ്ഥമാക്കിയത്. പിന്നീട് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള കഠിനപരിശീലനമായിരുന്നു. അത് പരിസമാപ്തിയിലേക്ക് എത്തുമ്പോഴാണ് കൊറോണയുടെ വരവ്. ഇതോടെ ജപ്പാനിൽ നിശ്ചയിച്ചിരുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള യാത്ര മുടങ്ങി. പിന്നാലെ ലോക്ക്ഡൗണിൽ കുടുങ്ങി പരിശീലനവും മുടങ്ങി ബാംഗ്ളൂരിലെ ക്യാമ്പിൽ കഴിയുകയാണ്.
ഒളിമ്പിക്സ് നീട്ടിവച്ചതോടെ വീണ്ടും യോഗ്യതാമാർക്ക് മറികടക്കണമോ എന്ന ആശങ്കയായിരുന്നു ഇതുവരെ. എന്നാൽ ഇതുവരെ യോഗ്യതനേടിയവർക്ക് കുഴപ്പമില്ല എന്ന ഐ.ഒ.സിയുടെ അറിയിപ്പ് ആശ്വാസമായി. എങ്കിലും പെട്ടെന്ന് പരിശീലനം നിറുത്തിവയ്ക്കേണ്ടിവരുന്നത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തയുണ്ട്.ശരീര ഭാരം കൂടാൻ ഇടയുള്ളതിനാൽ ഹെവി ഫുഡ് കഴിക്കുന്നത് നിറുത്തി.
ലോക്ക്ഡൗണിലെ പരിശീലനം
സായ് ക്യാമ്പിൽ മുറിക്കുള്ളിലെ പരിശീലനത്തിന് മാത്രമേ വഴിയുള്ളൂ. രാവിലെ അൽപ്പസമയം സ്കിപ്പിംഗും മറ്റ് എക്സർസൈസും ചെയ്യാറുണ്ട്. പിന്നീട് സമയം പോകാൻ ടിവിയും മൊബൈലും തന്നെ ശരണം. വീട്ടിലുള്ളവരെ എപ്പോഴും ഫോൺ ചെയ്ത് വിശേഷങ്ങൾ അറിയും. മലയാളി അത്‌ലറ്റുകളായ ജിൻസൺ ജോൺസൺ,ടി. ഗോപി, ഹോക്കി താരം പി.ആർ ശ്രീജേഷ് എന്നിവർ ക്യാമ്പിലുണ്ട്. എന്നാൽ അധിക സമയം ഒത്തുകൂടിയിരിക്കാൻ അനുവാദമില്ല. ക്യാമ്പിലെ മെസിലേക്കും പഴയപോലെ സംഘമായി പോകാനാവില്ല. വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇപ്പോൾ സൗഹൃദ സംഭാഷണങ്ങൾ.വൈകുന്നേരങ്ങളിലും അൽപ്പം വ്യായാമത്തിന് ശേഷം വാർത്തകൾ കേട്ടും കയ്യിലുള്ള പുസ്തകങ്ങൾ വായിച്ചും കൂടും.
പുസ്തകങ്ങൾ കിട്ടാനുണ്ടോ?
പുസ്തകങ്ങൾ വായിക്കാൻ ഇർഫാന് താത്പര്യമാണ്. നോവലുകളാണ് മുമ്പൊക്കെ വായിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മോട്ടിവേഷണൽ ബുക്ക്സ് വായിക്കാനാണ് ആഗ്രഹം. പക്ഷേ ഇപ്പോൾ അത് ക്യാമ്പിന് പുറത്തുപോയി വാങ്ങി വായിക്കാൻ നിർവാഹമില്ല.എന്നാൽ തപാൽ വഴി കെ.ടി ഇർഫാൻ,ഇന്ത്യൻ അത്‌ലറ്റ്, സായ് സെന്റർ,ബാംഗ്ളൂർ എന്ന വിലാസത്തിൽ എത്തിക്കാൻ കഴിയുമെങ്കിൽ സന്തോഷം.
" എന്നെപ്പോലൊരു അത്‌ലറ്റിന് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ഒളിമ്പിക്സാണ്. എന്നാൽ ജീവനുണ്ടെങ്കിൽ മാത്രമേ ഒളിമ്പിക്സിൽ പങ്കെടുക്കാനാകൂ. ഇൗ സാഹചര്യത്തിൽ ഒളിമ്പിക്സ് നീട്ടിവച്ചതുതന്നെ നല്ലത്. ഇത്രയും നാൾ പരിശ്രമിക്കുകയും കാത്തിരിക്കുകയും ചെയ്‌തതല്ലേ, ഇനി ഒരു വർഷം കൂടി ഇൗ വലിയ വെല്ലുവിളി അതിജീവിച്ച് കാത്തിരിക്കാം.
കെ.ടി ഇർഫാൻ