ലണ്ടൻ: കൊറോണ ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രിട്ടനിലെ മൂന്നുകോടിയോളം കുടുംബങ്ങൾക്ക് എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്ന് അഭ്യർത്ഥിച്ച് കത്തയച്ചു.
''എല്ലാരും സുരക്ഷിതരാകും മുന്നെ സംഗതി വളരെ വഷളാകുമെന്ന് നമുക്കറിയാം. എന്നാലും നമ്മൾ ശരിയായ മുൻ കരുതലുകൾ എടുക്കണം. നിയമങ്ങൾ പാലിക്കണം. ഈ പനി ജീവിതം അവസാനിച്ച് എല്ലാം പഴയതു പോലെയാകും.'' - ബോറിസ് കത്തിൽ പറഞ്ഞു. കൈകൾ കഴുകുക, വീടിനുള്ളിൽ തന്നെ കഴിയുക, ഐസൊലേഷനിൽ കഴിയുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ, രോഗ ലക്ഷണങ്ങൾ എന്നിവയടങ്ങിയ ലഘുലേഖയും കത്തിനൊപ്പമുണ്ട്. കൊറോണ സമയത്ത് താൻ അനുഭവിക്കുന്ന ലക്ഷണങ്ങൾ, ബ്രിട്ടീഷ് സർക്കാർ രാജ്യത്തിനായി എടുക്കുന്ന കരുതലുകൾ എന്നിവയും കത്തിൽ വ്യക്തമാക്കുന്നുണ്ട്. 70 ലക്ഷം ഡോളറാണ് ഇതിനായി ബ്രിട്ടീഷ് സർക്കാർ ചെലവഴിക്കുന്നത്.
രോഗലക്ഷണങ്ങൾ ഗുരുതരമല്ലാത്തതിനാൽ വീഡിയോ കോൺഫറൻസ് മുഖേനെ ബോറിസ് അവലോകന യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇദ്ദേഹത്തേ കൂടാതെ രോഗം സ്ഥിരീകരിച്ച ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്കും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നുണ്ട്.
ബ്രിട്ടണിലാകെ 17,089 പേരിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 1,019 പേർ മരിച്ചു. അതാനും ദിനസങ്ങൾക്കുള്ളിൽ രോഗപ്പകർച്ച അതിന്റെ മൂർദ്ധന്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗവ്യാപനം തടയുന്നതിന് വേണ്ടി പബ്ബുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഷോപ്പുകൾ എന്നിവ അടച്ചിടാൻ സർക്കാർ നിർദ്ദേശിച്ചു.