ഏപ്രിൽ ഒന്നിന് തന്നെ മെഗാ ബാങ്കിംഗ് ലയനം നടക്കും
മുംബയ്: 10 പ്രമുഖ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളാക്കി മാറ്റുന്ന നടപടി ഏപ്രിൽ ഒന്നിന് തന്നെ പ്രാബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. കൊറോണ ഭീതിയുടെയും ലോക്ക് ഡൗണിന്റെയും പശ്‌ചാത്തലത്തിൽ ലയനം നീട്ടിവയ്ക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി) ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അവർ പ്രധാനമന്ത്രിക്ക് കത്തും അയച്ചിരുന്നു.
സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കവേ, കഴിഞ്ഞവാരം ധനമന്ത്രി നിർമ്മല സീതാരാമനും മെഗാ ബാങ്ക് ലയനം ഏപ്രിൽ ഒന്നിന് തന്നെ നടക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ച് നാലിനാണ് കേന്ദ്ര കാബിനറ്റ് മെഗാ ബാങ്കിംഗ് ലയനത്തിന് അന്തിമാനുമതി നൽകിയത്. ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിലും സിൻഡിക്കേറ്ര് ബാങ്ക് കനറാ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലുമാണ് ലയിക്കുന്നത്. ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിലും ലയിക്കും.
ലയിക്കുന്ന ബാങ്കിന്റെ ശാഖകൾ, മാതൃ ബാങ്കിന്റെ പേരിൽ അറിയപ്പെടും. ഉദാഹരണത്തിന് സിൻഡിക്കേറ്ര് ബാങ്കിന്റെ ശാഖകൾ കനറാ ബാങ്ക് ശാഖകൾ ആയി മാറും. സിൻഡിക്കേറ്ര് ബാങ്കിന്റെ ഉപഭോക്താക്കൾ കനറാ ബാങ്കിന്റെ ഉപഭോക്താക്കളായും മാറും.