തിരുവനന്തപുരം:നഗരസഭയുടെ കീഴിലുള്ള 25 ഹെൽത്ത് സർക്കിളുകൾ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.മന്ത്രി കടകം പള്ളി സുരേന്ദ്രൻ,വിവിധ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷമാണ് മേയർ ഇക്കാര്യം അറിയിച്ചത്.ഇന്നലെ ശ്രീകാര്യം,തിരുവല്ലം സർക്കിളുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങി.ഇതോടെ നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ എണ്ണം എട്ടായി.കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,വാർഡ് കൗൺസിലർമാർ,ഹെൽത്ത് സൂപ്പർവൈസർമാർ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ ഏകോപിപ്പിക്കും. ഹെൽത്ത് ഓഫീസർക്കായിരിക്കും മുഴുവൻ കമ്മ്യൂണിറ്റി കിച്ചണുകളുടെയും ചുമതല.കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ നഗരസഭ പ്രതിപക്ഷ നേതാക്കളായ ബീമാപള്ളി റഷീദ് ചെയർമാനായും,എം.ആർ ഗോപൻ കൺവീനറുമായ പർചേഴ്സ് കമ്മറ്റി രൂപീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പാളയം രാജൻ,വഞ്ചിയൂർ പി.ബാബു,കൗൺസിലർ ഡി.അനിൽകുമാർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.നഗരസഭയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണുകൾ വഴി 6553 പേർക്ക് ഇന്നലെ ഉച്ചയ്ക്ക് മാത്രമായി ഭക്ഷണ വിതരണം നടത്തി.തൈക്കാട് ജുവൽ പ്ലാസയിൽ കുടുങ്ങിപ്പോയ ഉത്തരേന്ത്യയിൽ നിന്നുള്ള കൈക്കുഞ്ഞുങ്ങളടക്കമുള്ള 25 പേർക്കും നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തും.ഇവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പും ഇന്ന് നഗരസഭ സംഘടിപ്പിക്കും.