തിരുവനന്തപുരം: കാസർകോട് മെഡിക്കൽ കോളേജ് കെട്ടിടം കൊറോണ ആശുപത്രിയാക്കുമെന്ന സർക്കാർ പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളിൽ കെ.എസ്.ഇ.ബി അവിടെ വൈദ്യുതി എത്തിച്ചു.
ശനിയാഴ്ച വൈകിട്ട് വാർത്താസമ്മേളനത്തിലാണ് കാസർകോട്ടെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കൊറോണ ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. പിന്നെയെല്ലാം വൈദ്യുത വേഗത്തിലാക്കി കെ.എസ്.ഇ.ബി ഇവിടേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിലേക്കായി ചെയർമാൻ എൻ.എസ്.പിള്ളയുടെ നിർദ്ദേശപ്രകാരം 160 കെ.വി.എ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
ഒരൊറ്റപ്പകൽ കൊണ്ട് പുതിയ 11 കെ വി ഡബിൾ പോൾ സ്ട്രക്ചർ ഉണ്ടാക്കി, അതിൽ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. വൈദ്യുതി ബന്ധം ഏർപ്പെടുത്തി.
ഉത്തര മലബാർ ചീഫ് എൻജിനീയർ ആർ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കാസർകോട് ഡെപ്യൂട്ടി ചീഫ് എൻനീയർ പി.സുരേന്ദ്ര, ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.ജയകൃഷ്ണൻ, പെർള ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അശോകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.