ശാസ്ത്രസാങ്കേതികവിദ്യകളുടെ മുന്നേറ്റങ്ങൾ സൃഷ്ടിച്ച മനുഷ്യൻ ആധുനിക സുഖസൗകര്യങ്ങളുടെ നെറുകയിൽ നില്ക്കുമ്പോഴും കോവിഡ് 19 എന്ന മഹാമാരിക്കുമുന്നിൽ പകച്ചു നില്ക്കുകയാണ്. വളരെ വേഗം ലോകമാകെ പടർന്നു കയറിക്കൊണ്ടിരിക്കുന്ന അതിന്റെ വൈറസിനെ ചെറുക്കാൻ വേണ്ട ഒറ്റമൂലി ആരുടെയും പക്കലില്ല. വർദ്ധിതമായ ആശങ്കയുടെ ഭീതിദമായ ആകാശത്തു നില്ക്കുന്ന മനുഷ്യൻ ആരുമല്ലാത്തവനായി പോകുന്ന ഒരവസ്ഥയാണിത്. വൃക്കയും കരളും ഹൃദയംപോലും മാറ്റിവെച്ച് മരണമെന്ന ഭയാനകതയെ നേരിടുവാൻ വൈദ്യശാസ്ത്രം വളർന്നുവികസിച്ച ഒരു ലോകത്തിന്റെയും കാലത്തിന്റെയും നിസ്സാരതയെയും നിസ്സഹായതയെയുമാണ് ഇതു സൂചിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ എന്തെല്ലാമുണ്ടായിട്ടും യാതൊന്നുമില്ലാത്തവനായി മാറുവാൻ മനുഷ്യന് നിമിഷങ്ങളേ വേണ്ടൂ എന്ന് വെളിപ്പെടുകയാണ്.
എന്തെല്ലാം പറഞ്ഞാലും, നോക്കിനില്‌ക്കെ മനുഷ്യൻ മരിച്ചുവീഴുന്ന കാഴ്ച അതെവിടെയായാലും ദയനീയമാണ്. സഹജാതരെ കൊല്ലുവാനും കൊല്ലിക്കുവാനും മതത്തെയും ദൈവത്തെയും അന്ധവിശ്വാസങ്ങളെയും മറയാക്കുന്ന മനുഷ്യർക്കും, എല്ലാം എല്ലാവർക്കും പങ്കിട്ടനുഭവിക്കാനായി ഈശ്വരൻ നല്കിയിരിക്കുന്ന പ്രകൃതിവിഭവങ്ങളെ തങ്ങൾക്കു മാത്രമായി വകമാറ്റുന്ന മനുഷ്യർക്കും, അന്തിമവിധി അവന്റേതല്ലെന്നു ബോദ്ധ്യപ്പെടുത്തുന്ന ഒരവസരംകൂടിയാണിത്.
സമ്പത്തു കൊണ്ട് സാമ്രാജ്യവും, അധികാരം കൊണ്ട് അതിർത്തിയും, അവകാശം കൊണ്ട് സ്വാർത്ഥതയും, ആയുധം കൊണ്ട് പ്രതിരോധവും വിപുലമാക്കുന്ന മനുഷ്യൻ, പക്ഷേ ഇതെല്ലാം ചേർത്തുവെച്ചാലും ജീവഹാനിവരുത്തുന്ന ഒരു മഹാമാരിയിൽ നിന്നു രക്ഷപ്പെട്ടു നിൽക്കുവാൻ കഴിയില്ലെന്നു ഇപ്പോൾ തിരിച്ചറിയുകയാണ്. ദുരന്തങ്ങളൊന്നും നമ്മെ ബാധിക്കുകയില്ലെന്ന മനുഷ്യന്റെ ദുരയാണ് ഇവിടെ പപ്പടംപോലെ പൊടിഞ്ഞുപോകുന്നത്.
ഇതെല്ലാം ഇപ്പോൾ എന്തിനാണ് ഇവിടെ പറഞ്ഞതെന്നാവും ചിലരുടെയെങ്കിലും വിചാരം. അതിനു ചില വ്യക്തമായ കാരണങ്ങളുണ്ട്. അതിലൊന്ന്, നാം നമ്മുടെ നിസ്വതയെയും പരിമിതിയെയും തിരിച്ചറിയണമെന്നതാണ്. മറ്റൊന്ന,് നമ്മളൊന്നും നമ്മുടെ സാമർത്ഥ്യവും ബുദ്ധിയും കൊണ്ട് മാത്രമല്ല ഈ ലോകത്ത് നിലനില്ക്കുന്നതെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് ജീവിതത്തെ നയിക്കണമെന്നതാണ്. ഇനിയൊന്ന,് ആരും ആരുടെയും വിധികർത്താവാകാതിരിക്കുക എന്നതാണ്. വേറൊന്ന,് നമ്മളെല്ലാം ഈ ലോകത്ത് പിറവിയെടുത്തതും നിലകൊള്ളുന്നതും നാളെ മാഞ്ഞുപോകുന്നതും നമുക്കറിയാത്ത ഒരു പ്രപഞ്ചവാഴ്‌വിന്റെ ഭാഗമായിട്ടാണെന്നതാണ്.
ഇതെല്ലാം നമ്മുടെ ചിന്തയിൽ വന്നു തിങ്ങിവിങ്ങുമ്പോഴാണ് നമ്മുടെ പുറംകണ്ണുപോലെ ചെറുതായിരുന്നു നമ്മുടെ കാഴ്ചപ്പാടുകളെന്നും അകംകണ്ണുപോലെയാണ് ഈ പ്രപഞ്ചത്തിന്റെ വിധാനീയതയെന്നും നമുക്ക് തിരിച്ചറിയാനാകുന്നത്. പുറംകണ്ണു അടുത്തുള്ളവയെ മാത്രമേ നമുക്ക് കാണിച്ചുതരികയുള്ളൂ. അതിനപ്പുറമുള്ളവ അതിന്റെ പരിധിക്കു പുറത്താണെന്നതാണു കാരണം. എന്നാൽ അകക്കണ്ണിന് പരിധിയില്ല. അതിന് അടുത്തും അകലെയുമെന്ന ഭേദമില്ല. അതു തുറന്നു വെച്ചാൽ ഈ വിശ്വത്തിന്റെ സംരചനയെ വ്യക്തമായി കാണാനാവും. ആ കാഴ്ചയിലൂടെയാണ് ഞാനും പ്രപഞ്ചവും തമ്മിലുള്ള അഭേദത്വം അനുഭവമായിത്തീരുന്നത്. ആ മഹാനുഭവത്തെ പങ്കുവെച്ചവരാണ് നമ്മുടെ വിശ്വഗുരുക്കന്മാർ. അതിന്റെ വാഗ്മയസാക്ഷ്യവും സ്തുതിയുമാണ് ഗുരുദേവതൃപ്പാദങ്ങളുടെ ഗദ്യപ്രാർത്ഥന.
''കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നുരൂപങ്ങളോടുകൂടിയതും പരമാത്മാവിൽ നിന്നുമുണ്ടായി അതിൽത്തന്നെ ലയിക്കുന്നതുമാകുന്നു. അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളേയും നശിപ്പിക്കുന്ന -വറുത്തുകളയുന്ന- പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിച്ചു നല്ലവഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാൻ ധ്യാനിക്കുന്നു.''
ഇതാണ് ഗദ്യപ്രാർത്ഥനയുടെ ആദ്യഭാഗം. ഈ ജഗത്തിന്റെ സംരചയിതാവായിരിക്കുന്ന പരമാത്മാവിനെ ധ്യാനിക്കുന്നതിലൂടെയാണ് പുറംകണ്ണു കൊണ്ട് കാണുന്നതൊന്നും നിത്യമല്ലെന്നും ശരീരം നീർക്കുമിളപോലെ നിലയറ്റതാണെന്നും നാം ശരീരമല്ല അറിവാണെന്നുമുള്ള അറിവുറയ്ക്കുന്നത്. ഇങ്ങനെയുള്ള അറിവിൽ സ്വയം സമർപ്പിതമായി വിരാജിക്കുന്നവനാണ് ആത്മജ്ഞാനി. അവനും ഇവനും എന്നറിയുന്ന വേർതിരിവിന്റെ ഉത്ഭവത്തെപ്പറ്റി ആലോചിക്കുന്നതായാൽ ഈ ജഗത്തിൽ ഉണ്ടായിട്ടുള്ളതിന്റെയെല്ലാം ആദിമമായ രൂപം ഒരേയൊരു ആത്മാവിന്റേതാണെന്ന് ബോധ്യപ്പെട്ടുകിട്ടുമെന്ന് തൃപ്പാദങ്ങൾ ആത്മോപദേശശതകത്തിലൂടെയും വ്യക്തമാക്കിത്തരുന്നുണ്ട്.
ഇങ്ങനെ ഭേദാദികളെ കൈവിട്ട് ആത്മജ്ഞാനത്തിന്റെ നിരതിശയതയിൽ രമിക്കുന്നവനെ ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും തീണ്ടുകയില്ല. ഈ പരിണാമങ്ങൾക്കെല്ലാമപ്പുറമുള്ള സ്ഥിതപ്രജ്ഞതയുടെ സ്വരൂപത്തിലാണ് പരമാത്മാവ് നമ്മെയെല്ലാം അഭേദമാക്കി വെച്ചിരിക്കുന്നത്. അങ്ങനെയുള്ളതായ പരമാത്മാവിനെ ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്‌പ്പോഴും ചിന്തിക്കുമാറാകുവാനും, ഈ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞുകൂടുന്നതിനും ഒടുവിൽ പരമപദം പ്രാപിക്കുന്നതിനും പരമാത്മാവിന്റെ അനുഗ്രഹം ഉണ്ടാകുമാറാകാനും ഉള്ള അപേക്ഷയോടെയാണ് തൃപ്പാദങ്ങളുടെ ഗദ്യരൂപത്തിലുള്ള ഈ ഒരേ ഒരു പ്രാർത്ഥന ഉപസംഹരിക്കപ്പെടുന്നത്.
ഈയൊരു പരമപദചിന്ത കൂടാതെയാണ് അധികംപേരും അവരുടെ ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിക്കുന്നുവെന്നതാണ് വാസ്തവം. ഒരു അരുവിയിൽ നീന്തിത്തുടിക്കുന്ന ഒരു ചെറുമത്സ്യത്തിന്റെ അവസ്ഥയ്ക്ക് തുല്യമാണിത്. മത്സ്യം ഒരിക്കലും ആ അരുവിയുടെ നിലനില്പ്പിനെപ്പറ്റി ഓർക്കുന്നതേയില്ല. അരുവി ഇല്ലാതായാൽ താനും ഇല്ലാതാവും എന്ന സത്യവും അതിന് അറിയില്ല. ഒരുദിവസം വരൾച്ചകൊണ്ട് അരുവി വറ്റിപ്പോകും. അതോടെ മത്സ്യത്തിന്റെ ജീവിതവും അറ്റുപോകും. അതുപോലെയാണ് മനുഷ്യാവസ്ഥയും എന്ന് നമ്മൾ ഓർക്കുന്നതു നന്ന്. നമ്മൾ കാണുന്നതെല്ലാം എന്നും ഉണ്ടെന്നും ഉണ്ടാകുമെന്നും ധരിച്ചിരിക്കുന്നവരാണ്. ബാങ്കിൽ പണമുണ്ട്, മുറ്റത്ത് വാഹനമുണ്ട്. സുഖസൗകര്യങ്ങൾ കിട്ടുന്നിടത്തെല്ലാം പോകുവാനുള്ള സ്വാതന്ത്ര്യമുണ്ട്. വേണ്ടതെല്ലാം വാങ്ങുവാൻ കടകമ്പോളങ്ങളുണ്ട്. എന്നാൽ ഒരുദിവസം ഇതെല്ലാം നിലച്ചുപോകുമെന്ന ഒരവസ്ഥയെപ്പറ്റി നമ്മളാരും ചിന്തിക്കാറേയില്ല. കോവിഡ് 19 എന്ന മഹാരോഗം ഈ ലോകത്തെയാകെ ഇത്തരമൊരു ചിന്തയില്ലായ്മയിലേക്കു ഉണർത്തുകയാണിന്ന്. സമ്പത്തും ബന്ധുക്കളും മിത്രങ്ങളും സ്വാതന്ത്ര്യവും ഒക്കെ അറ്റുപോകുന്ന ഒരു സ്ഥിതിയുണ്ടെന്ന് ഈ മഹാമാരി നമ്മെ ഓർമ്മിപ്പിക്കുന്നു. ലോക്ക് ഡൗൺ എന്ന അറ്റുപോകൽ അതിന്റെ സൂചനയാണ്. ഓരോരുത്തരും എല്ലാവർക്കുംവേണ്ടി എല്ലാവരും ഓരോരുത്തർക്കും വേണ്ടി കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ അവനവനിലേക്ക് ചുരുങ്ങുന്ന ഈ വേളയിൽ ഗദ്യപ്രാർത്ഥനയിലെ ഗുരുവരുൾ നമ്മെ സ്വച്ഛതയിലേക്ക് നയിക്കുന്നതാകട്ടെ.