railway

കോഴിക്കോട്: കൊറോണ വൈറസ് ബാധ കാരണം ഇന്ത്യൻ റെയിൽവേയ്ക്ക് ഉണ്ടായ നഷ്ടം 1700 കോടി രൂപ. മാർച്ച് രണ്ടാംവാരം മുതൽ 31 വരെയുള്ള ഏകദേശ കണക്കാണിത്.യാത്രാ ട്രെയിനുകൾ റദ്ദ് ചെയ്ത വകയിൽ മാത്രമുണ്ടായ നഷ്ടമാണിത്. ടിക്കറ്റുകൾ റദ്ദ് ചെയ്ത വകയിലും കൊറോണ കാരണം ചരക്ക് കടത്തിലുമുണ്ടായ നഷ്ടവും തിട്ടപ്പെടുത്തി വരുന്നതേയുള്ളു.ഇവ കൂടി കണക്കാക്കുമ്പോൾ നഷ്ടം 2500 കോടി കടക്കുമെന്നാണ് ഒരു ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ നൽകിയ സൂചന.

വ്യോമഗതാഗതവും ടൂറിസവും കഴിഞ്ഞാൽ ഇന്ത്യൻ റെയിൽവേക്കാണ് കൊറോണ വലിയ ആഘാതം വരുത്തിവച്ചിട്ടുള്ളത്.

ഇന്ത്യൻ റെയിൽവേ രാജ്യത്തെമ്പാടുമായി 13,523 പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഒരു ദിവസത്തെ യാത്രാട്രെയിനുകളിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം 139 കോടി രൂപയ്ക്ക് മുകളിലാണ്.മാർച്ച് മുതൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കും. ഇത് കൂടി കണക്കിലെടുക്കുമ്പോൾ 140 കോടി കവിയും. പത്ത് ദിവസം ട്രെയിൻ സർവീസുകൾ നിറുത്തിയിട്ടവകയിലുണ്ടായ വരുമാന നഷ്ടം 1400 കോടി രൂപ.ട്രെയിനുകൾ പൂർണ്ണമായും നിറുത്തിവയ്ക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ കൊറോണ ബാധയെതുടർന്ന് യാത്രക്കാർ കുറവായത് കാരണം രാജ്യത്തെമ്പാടും 300 ഓളം ട്രെയിനുകൾ റദ്ദ് ചെയ്തിരുന്നു.ഈ വകയിൽ റെയിൽവേയ്ക്ക് ഉണ്ടായ നഷ്ടം 300 കോടി രൂപയാണ്.

പാലക്കാട് ഡിവിഷന്റെ മാത്രം നഷ്ടം

ഒരു വർഷത്തെ മൊത്തം വരുമാനം: 1300 കോടി രൂപ

യാത്രാ വരുമാനം: 700 കോടി രൂപ

ഒരു ദിവസത്തെ യാത്രാ വരുമാനം: ഏകദേശം 2 കോടി

10 ദിവസത്തെ യാത്രാവരുമാന നഷ്ടം: 20 കോടി

നേരത്തെ റദ്ദാക്കിയ ട്രെയിനുകളുടെ വരുമാന നഷ്ടം: 50 ലക്ഷം

പാലക്കാട് ഡിവിഷന്റെ മൊത്തം വരുമാന നഷ്ടം: 2.5 കോടി രൂപ