കൊറോണ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയിൽ ഊട്ടി ഗുരുകുലത്തിൽ കഴിയുകയാണ്. ഗുരുകുലത്തിനുളളിൽ അനിശ്ചിതാവസ്ഥയൊന്നുമില്ല. ഞങ്ങൾ പതിവുപോലെയുളള പഠനങ്ങളിലും പ്രാർത്ഥന, എഴുത്ത് എന്നിവയിലും മുഴുകി ജീവിക്കുന്നു. ബാഹ്യലോകവുമായി ഫോൺ മുഖാന്തിരമുളള ബന്ധമല്ലാതെ മറ്റൊന്നുമില്ലെന്നു മാത്രം. സന്ദർശകരുമില്ല. കൊറോണ സംബന്ധിച്ച വാർത്തകൾ ദിവസവും കേൾക്കും. ഈ രോഗത്തിന് ചികിത്സയില്ലെന്നും പ്രതിരോധ മരുന്നുകളില്ലെന്നും മെഡിക്കൽ സയൻസ് സമ്മതിക്കുകയും ചെയ്യുന്നു. അപ്പോൾ തോന്നി, എന്തുകൊണ്ട് മറ്റു ചികിത്സാ സമ്പ്രദായങ്ങളുടെ സാദ്ധ്യതകൾ നോക്കിക്കൂടാ. ഞാൻ ഹോമിയോ ചികിത്സയും എടുക്കുന്നുണ്ട്. എന്റെ ഡോക്ടറെ ഞാൻ വിളിച്ചു. ഞാൻ ചോദിച്ചു '
നിങ്ങളുടെ ചികിത്സാ ശാസ്ത്രത്തിൽ ഈ കൊറോണയ്ക്ക് ചികിത്സയില്ലേ' ഉടനെ അദ്ദേഹത്തിന്റെ മറുപടി. ' ഉണ്ടല്ലോ, പക്ഷേ ഞങ്ങളെ അങ്ങോട്ടടുപ്പിക്കണ്ടെ' അതൊരു പരിതാപകരമായ അവസ്ഥയാണെന്ന് തോന്നി. വീണ്ടും ഞാൻ ചോദിച്ചു. 'ഇതിനെ പ്രതിരോധിക്കാനുളള മരുന്നുണ്ടോ'. 'ഉണ്ടല്ലോ'. 'ഞങ്ങളിവിടെ ആറ്പേരുണ്ട് കുറച്ച് പ്രതിരോധ മരുന്ന് അയച്ചുതരാമോ.' 'അയച്ചുതരാം.' ഡോക്ടർ മരുന്ന് അയച്ചു തന്നു. ഞങ്ങളെല്ലാം കഴിച്ചു. പിന്നീട് എനിക്ക് പരിചയമുളള നല്ലൊരു ആയുർവ്വേദ ഡോക്ടറെ വിളിച്ചു. അദ്ദേഹത്തോടും ചോദിച്ചു കൊറോണയ്ക്ക് ചികിത്സയില്ലേ എന്ന്. അദ്ദേഹം വ്യക്തമായി പറഞ്ഞു. ' അതിന്റെ ഒന്നും രണ്ടും സ്റ്റേജുകളിൽ ഫലപ്രദമായ ചികിത്സയുണ്ട്. ന്യൂമോണിയ ആയിക്കഴിഞ്ഞാൽ പിന്നെ ഞങ്ങൾ നിസ്സഹായരാണ്.' വീണ്ടും ഞാൻ ചോദിച്ചു. ' പ്രതിരോധ മരുന്നില്ലേ.' 'ഉണ്ട്.' അതിന്റെ പേരും പറഞ്ഞുതന്നു.
ഞാൻ ചോദിച്ചു, ' എന്തുകൊണ്ട് ഈ ചികിത്സാ സമ്പ്രദായം ഉപയോഗിച്ച് രോഗികളെ ചികിത്സിക്കാൻ കഴിയുന്നില്ല. അലോപ്പതിയിൽ മരുന്നില്ലല്ലോ. അതിനു സർക്കാർ അനുവദിക്കുന്നില്ല. ഇങ്ങനെയുളള ഘട്ടങ്ങളിൽ ചികിത്സയ്ക്ക് ചില പ്രോട്ടോക്കോളുകളുണ്ട്. അതു ഞങ്ങളും അനുസരിച്ചേ മതിയാകു.' (പ്രതിരോധ മരുന്ന് കൊടുക്കുവാൻ ഇപ്പോൾ അനുവാദം കിട്ടിയിട്ടുണ്ട്.) ഇത്തരം അടിയന്തിരഘട്ടങ്ങളിൽ ചികിത്സയുടെ കുത്തകാവകാശവും പ്രത്യേക അധികാരവും ഒരൊറ്റ ചികിത്സാ സമ്പ്രദായത്തിന് മാത്രം വിട്ടുകൊടുക്കുകയാണോ വേണ്ടത്? ഒരു സമ്പ്രദായത്തിന്റെ അഭിമാനത്തെക്കാൾ ജനങ്ങളുടെ ജീവനല്ലേ വലുത്? സർക്കാരിന്റെ കീഴിൽ തന്നെയുണ്ടല്ലോ ഈ ചികിത്സാ സമ്പ്രദായങ്ങൾക്ക് വേണ്ട വകുപ്പുകൾ. കേന്ദ്ര സർക്കാരിനാണെങ്കിൽ ഭാരതീയ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത് പ്രത്യേക നയവുമാണ്. ഇതൊക്കെയായിട്ടും എന്തിനീ വിവേചനം?