ബെർലിൻ: കൊറോണ രോഗബാധ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ എന്ന ആശങ്കയാൽ ജർമനിയിലെ ധനമന്ത്രി ജീവനൊടുക്കി. ജർമനിയിലെ ഹെസ്സെ സംസ്ഥാനത്തെ ധനമന്ത്രിയായിരുന്ന തോമസ് ഷേയ്ഫറാണ് കൊറോണ രോഗത്തോടുള്ള ഭയത്താൽ ആത്മഹത്യ ചെയ്തത്. കൊറോണ മൂലം സമ്പദ്‌വ്യവസ്ഥ തകിടം മറിയുമെന്നും അതിൽ നിന്നും കരകയറാൻ വഴികളൊന്നുമില്ലെന്നുമുള്ള ചിന്തയിലാണ് അദ്ദേഹം സ്വന്തം ജീവനെടുത്തത്. സ്റ്റേറ്റ് പ്രീമിയറായ വോൾട്ടർ ബൗഫിയർ മന്ത്രിയുടെ മരണവിവരം മാദ്ധ്യമങ്ങളുമായി പങ്കുവച്ചു. തങ്ങളെല്ലാം കടുത്ത ഞെട്ടലിലാണെന്നും ഇക്കാര്യം വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും സംഭവത്തിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്നും ബൗഫിയർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അൻപത്തിനാല് വയസുകാരനായ തോമസ് ഷേയ്ഫറിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനടുത്തുനിന്നുമാണ് കണ്ടെടുത്തത്. തുടർന്ന് ഇദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന് വീസ്‌ബേദൻ പ്രോസിക്യൂഷൻ ഓഫീസ് നിഗമനം നടത്തി. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ട് നഗരം സ്ഥിതി ചെയ്യുന്നത് ഹെസ്സെയിലാണ്. ലോകപ്രശസ്തമായ ജർമൻ ബാങ്കുകളായ ഡൊയ്‌ച്ച് ബാങ്കിന്റെയും കൊമേഴ്‌സ്ബാങ്കിന്റെയും ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നതും ഇതേ നഗരത്തിലാണ്.
പത്ത് വർഷത്തിലേറെയായി ഹെസ്സെയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയുന്ന ഷേയ്ഫർ സമ്പദ്‌വ്യവസ്ഥയെ കുറിച്ചോർത്ത് ദുഖിതനായിരുന്നു എന്നുവേണം കരുതാനെന്നും വികാരാധീനനായി ബൗഫിയർ പറയുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹം ഒപ്പമുണ്ടായിരുന്നെകിൽ എന്ന് താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജർമൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ ഉറ്റ അനുയായി ആണ് ബൗഫിയർ. ജർമനിയിലെ ജനങ്ങൾ ഏറെ ബഹുമാനിച്ചിരുന്ന ഷേയ്ഫർ ബൗഫിയറിന്റെ പിൻഗാമിയായാണ് അറിയപ്പെട്ടിരുന്നതും. മെർക്കലും ബൗഫിയറും അംഗങ്ങളായ സി.ഡി.യു പാർട്ടിയുടെ ഭാഗം കൂടിയായിരുന്നു ഹെസ്സെ ധനമന്ത്രി തോമസ് ഷേയ്ഫർ.