തിരുവനന്തപുരം : തിരുവനന്തപുരം ആങ്കോട്ടിയിൽ വൃദ്ധനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മദ്യം ലഭിക്കാത്തതിനെ തുടർന്ന് അസ്വസ്ഥതകൾ മൂലമാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. കൃഷ്ണൻകുട്ടി എന്ന് പേരുള്ളയാളാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, തൃശ്ശൂർ കൊടുങ്ങല്ലൂരിൽ യുവാവ് പുഴയിൽചാടി മരിച്ചു. നാരായണമംഗലം സ്വദേശി കുണ്ടപറമ്പിൽ സുനേഷ് ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്നാണ് സുനേഷ് പുഴയിൽചാടിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഇയാള്‍ അക്രമാസക്തനായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഈ കാരണത്താലുള്ള തൃശൂർ ജില്ലയിലെ രണ്ടാമത്തെ ആത്മഹത്യയാണിത്.
സമാനമായ രീതിയിൽ ചങ്ങനാശ്ശേരിയിൽ കെട്ടിടത്തിന്റെറ മുകളിൽ നിന്ന് ചാടി മറ്റൊരാളും ആത്മഹത്യക്ക് ശ്രമിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സിലെ മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് പുവ്വം സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചത്. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇയാളെ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.