donald-trump

വാഷിംഗ്ടൺ: കൊറോണ വെെറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയില്‍ മരണം 2400 കടന്നു. ന്യൂയോര്‍ക്കില്‍ മാത്രം 1000 പേര്‍ മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,41,854 ആണ്.

ഇതോടെ സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍ 30 ദിവസം കൂടി നീട്ടാന്‍ അമേരിക്ക തീരുമാനിച്ചു. രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച അവസാനിക്കാനിരിക്കുകയായിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 12-ഓടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് നിയന്ത്രണം നീട്ടാൻ തീരുമാനിച്ചത്.

അടുത്ത രണ്ടാഴ്​ചത്തേക്ക്​ കൂടി കൊറോണ ബാധിച്ചുള്ള മരണങ്ങൾ അമേരിക്കയിൽ തുടരുമെന്ന്​ ട്രംപ്​ പറഞ്ഞു. ജൂണോടെ വൈറസ്​ ബാധ യു.എസിൽ നിയന്ത്രണവിധേയമാകുമെന്നും അദ്ദേഹം വ്യക്​തമാക്കി. നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ യു.എസിൽ ​രണ്ട്​ ലക്ഷത്തോളം ആളുകൾ കൊറോണ ബാധിച്ച്​ മരിക്കുമെന്ന്​ കൊറോണ വൈറസ്​ ടാസ്​ക്​ ഫോഴ്​സ്​ തലവൻ ഡോ.ആൻറണി ഫൗസി ട്രംപിന്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിയന്ത്രണങ്ങൾ ദീർഘിപ്പിക്കാനുള്ള തീരുമാനമുണ്ടായതെന്നുമാണ് റിപ്പോർട്ട്​.

അതേസമയം,​ ലോക രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ 7,21,584 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. 33,958 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ 1,49,122 പേർ രോഗമുക്തി നേടി. നിലവിൽ 177 രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതരുടെ എണ്ണത്തിൽ യൂറോപ്പും അമേരിക്കയും ആണ് മുന്നിലുള്ളത്. യൂറോപ്പിൽ മാത്രം രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഇറ്റലി- 97,689, സ്പെയിൻ-80,110, ജർമനി-62,095 എന്നിങ്ങനെയാണ് രാജ്യങ്ങൾ കണക്കുകൾ.