കോട്ടയം: കൊറോണ വെെറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി 144 പ്രകാരം ഇന്ന് രാവിലെ മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഇതുപ്രകാരം പരിധിയില്‍ നാല് പേരിൽ കൂടുതൽ ആളുകൾ കൂടുന്നതിന് നിരോധനമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആവശ്യ സർവീസുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെയും കോട്ടയം പാലാ സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയെക്കരുതി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച പായിപ്പാട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചു കൂട്ടത്തോടെ തെരുവിലിറങ്ങിയ സംഭവത്തിനു പിന്നാലെയാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.