korauna

ന്യൂഡൽഹി: കൊറോണ വെെറസിന്റെ പേര് മൂലം ഒരു ഗ്രാമം വെട്ടിലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ സിതാപൂരിനടുത്തുള്ള കൊറൗണ ഗ്രാമ നിവാസികളാണ് ഈ കാരണത്താൽ പൊറുതിമുട്ടുന്നത്. ആഗോളമഹാമാരിയായ കൊറോണ വെെറസ് വ്യാപകമായതോടെ ഗ്രാമത്തിന്റെ ഈ പേര് കാരണം ‍തങ്ങൾ വിവേചനം നേരിടുകയാണെന്നും ഇവർ പറയുന്നു.

'ഞങ്ങളുടെ ഗ്രാമത്തിലെ ആളുകൾ ഭയപ്പെടുകയാണ്. ഞങ്ങൾ കൊറൗണ ഗ്രാമവാസികളാണെന്ന് പറയുമ്പോൾ മറ്റുള്ളവർ ഒഴിവാക്കുന്നു. ഇതൊരു ഗ്രാമമാണെന്ന് മറ്റുള്ളവർക്ക് മനസിലാവുന്നില്ല. ഞങ്ങൾ കൊറോണ വെെറസ് ബാധിതരല്ല-ഒരു പ്രദേശവാസി പറഞ്ഞു. ഫോൺകോളുകൾക്ക് മറുപടി നൽകാൻ പോലും ഇവർ ഭയക്കുന്നു.

'ഞങ്ങള്‍ റോഡിലേക്കിറങ്ങിയാല്‍ പൊലീസ് ചോദിക്കും എവിടേക്കാണെന്ന്,​ കൊറൗണയിലേക്കാണെന്ന് പറഞ്ഞാല്‍ അവര്‍ അസ്വസ്ഥരാകും. ഞങ്ങളുടെ ഗ്രാമത്തിന് ഇങ്ങനെ ഒരു പേരുണ്ടായാല്‍ ഞങ്ങള്‍ എന്തു ചെയ്യാനാണെന്ന് മറ്റൊരു പ്രദേശവാസി ചോദിക്കുന്നു. ഫോണ്‍ വിളിക്കുമ്പോള്‍ കൊറൗണയില്‍ നിന്നാണെന്ന് പറഞ്ഞാല്‍ പറ്റിക്കുകയാണെന്ന് പലരും കരുതുന്നു. അവർ ഉടൻ തന്നെ ഫോണ്‍ കട്ട് ചെയ്യുകയാണ്- പ്രദേശവാസിയായ രാംജി ദിക്ഷിതി പറഞ്ഞു.

അതേസമയം രാജ്യത്ത് കൊറോണ വെെറസ് ബാധിച്ചവരുടെ എണ്ണം 1000 കടന്നു. രാജ്യത്ത് ഇതുവരെ 31 പേര്‍ മരിച്ചു. രാജ്യത്തൊട്ടാകെ ഇതുവരെ 1171 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി തിങ്കളാഴ്ച രാവിലെയോടെ പുതുതായി 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 100 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.