തിരുവനന്തപുരം: കൊറോണബാധയുണ്ടെന്ന് സ്ഥിരീകരിച്ച നിമിഷം ആശങ്കയുടെ കൊടുമുടിയിലായിരുന്നു. ഐസൊലേഷൻ വാർഡിൽ കാത്തിരുന്നത് കനത്ത ഏകാന്തതയായിരുന്നു. ജീവിതത്തിൽ ഒരിക്കലും ശീലിച്ചിട്ടില്ലാത്ത ഏകാന്തത. പുസ്തകങ്ങളും വല്ലപ്പോഴുമെത്തുന്ന ചികിത്സകരുമൊഴിച്ചാൽ ദിവസം മുഴുവൻ ഒറ്റയ്ക്കായിരുന്നു. കുറേ നേരം പ്രാർത്ഥിക്കും. പിന്നെ സ്വയം സംസാരിക്കും.-കൊറോണ ഐസൊലേഷൻ വാർഡിൽ ചികിത്സകഴിഞ്ഞ് പുറത്തിറങ്ങിയ തലസ്ഥാനത്തെ ആദ്യകൊറോണ രോഗിയായ വെള്ളനാട് സ്വദേശി പറഞ്ഞു. ചികിത്സ പൂർത്തിയാക്കി പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പിന്നെ താൻ കാരണം മറ്റാർക്കും ഒരു കുഴപ്പവുമുണ്ടായില്ലല്ലോ എന്ന ആശ്വാസവും.

കൊറോണബാധയുണ്ടായത് ഇറ്റലിയിൽ നിന്ന്

രോഗ വിവരം അറിയാതെയാണ് മാർച്ച് 11ന് നാട്ടിലെത്തിയത്. ഇറ്റലിയിലെ ബൊൾസാനോ നഗരത്തിൽ ഫിസിയോതെറാപ്പിസ്റ്റായാണ് ജോലി നോക്കിയിരുന്നത്. ഇറ്റലിയിലെ സ്ഥിതി തന്റെ നാട്ടിൽ ഉണ്ടാകരുതെന്ന് തീരുമാനിച്ചിരുന്നു.അതുകൊണ്ടാണ് വിമാനം ഇറങ്ങിയ ഉടനെ സ്വയം പരിശോധനകൾക്ക് വിധേയനായത്. നാട്ടിലെത്തിയ ദിവസം തന്നെ ജനറൽ ആശുപത്രിയിൽ പോയിരുന്നെങ്കിലും കാര്യമായ രോഗലക്ഷണങ്ങളില്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആശുപത്രി അധികൃതർ നിർദ്ദേശിച്ചത്. എന്നാൽ പിറ്റേന്ന് നടത്തിയ ടെസ്റ്റിൽ ഫലം പോസിറ്റീവാണെന്ന് കണ്ടു. ഇതോടെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മുൻകരുതലെന്നോണം അച്ഛനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധയില്ലാത്തതിനാൽ രണ്ടു ദിവസത്തിന് ശേഷം അച്ഛൻ ആശുപത്രി വിട്ടു. ഇത്തരത്തിലൊരു രോഗം സ്ഥിരീകിരിച്ച ശേഷം തന്റെ വീട്ടുകാർ നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യത്തെ ഓർത്ത് വേവലാതിയുണ്ടായിരുന്നു. എന്നാൽ കാര്യമായി രീതിയിൽ അവർക്ക് തിരിച്ചടികളുണ്ടായില്ല. ചിലരൊക്കെ ഒറ്റപ്പെടുത്തിയെങ്കിലും നാട്ടുകാരിൽ ചിലരും അധികൃതരും സഹായവും ആശ്വാസവാക്കുകളുമായി എത്തി. ഇറ്രലിയിൽ നിന്നെത്തിയ ശേഷം ഭാര്യയും മക്കളുമായി ഫോണിലൂടെ മാത്രമാണ് ബന്ധപ്പെട്ടത്. മൂന്ന് വയസുള്ള മകളും നാല് മാസം പ്രായമായ മകനും ഭാര്യയോടൊപ്പമാണ്. ഏപ്രിൽ നാലിന് നടക്കുന്ന അവസാന പരിശോധന കൂടി കഴിഞ്ഞാൽ ഹോം ക്വാറന്റൈൻ അവസാനിപ്പിക്കാം.

ആഹാരത്തിന് ബുദ്ധിമുട്ടില്ല,

ഐസൊലേഷൻ വാർഡിൽ ഭക്ഷണത്തിന് ക്ഷാമമില്ല. പക്ഷേ മാംസാഹാരം ലഭിക്കില്ല. താൻ കൂടുതലാവശ്യപ്പെട്ടത് ദോശയാണെന്ന് ഒരു ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു. ഐസൊലേഷൻ നാളുകളിൽ നേരിട്ട വലിയ വെല്ലുവിളി ഏകാന്തതയാണ്. അതിനെ ഭേദിച്ചുകൊണ്ട് ചിലപ്പോഴൊക്കെ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും എത്തും. അവർ സംസാരിക്കുമെങ്കിലും എപ്പോഴും ഉണ്ടാകില്ലല്ലോ. അങ്ങനെ ഒറ്രപ്പെടലിനെ അതിജീവിക്കാൻ സ്വയം സംസാരിച്ച് തുടങ്ങി. ആദ്യം ചെറിയ ജാള്യത തോന്നിയെങ്കിലും വേറിട്ടൊരനുഭവമായിരുന്നു അത്. പിന്നെ സർക്കാ‌ർ പുസ്തകങ്ങൾ എത്തിച്ച് നൽകി. വായനാശീലം ഉണ്ടായിരുന്നെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ പുസ്‌തകങ്ങൾ നൽകിയ ആശ്വാസം നിസാരമല്ല. ജോസഫ് അന്നംകുട്ടി ജോസ് എഴുതിയ 'ദൈവത്തിന്റെ ചാരൻമാർ' പലവട്ടം വായിച്ചു, ഒപ്പം വള്ളത്തോളിന്റെ കവിതകളും. മലയാള ഭാഷയുടെ സൗകുമാര്യം ആസ്വദിക്കാൻ ഇതിലും നല്ലൊരവസരം വേറെയില്ലായിരിക്കാം. നിരന്തരം നടക്കുന്ന ടെസ്റ്രിൽ ഫലം നെഗറ്റീവാണെന്ന് അറിഞ്ഞപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. അതിനേക്കാളേറെ സന്തോഷം താൻ കാരണം മറ്രൊരാളും രോഗബാധിതനായില്ല എന്നതാണ്. ലോകം വെട്ടിപ്പിടിച്ച സന്തോഷത്തോടെയാണ് ആശുപത്രി വിട്ടത്.

"ക്ഷമയാണ് കൊറോണ വൈറസിനെതിരെ പൊരുതാനുള്ള മികച്ച ആയുധം. ലോക്ക്ഡൗൺ അരോചകമായി തോന്നാമെങ്കിലും സമൂഹവ്യാപനം എന്ന വലിയ വിപത്തിനെ ചെറുക്കാനുള്ള വഴിയാണിത്. തന്റെ മക്കളെയോ ഭാര്യയെയോ കാണാൻ തനിക്കിതുവരെ കഴിഞ്ഞിട്ടില്ല. നല്ല നാളേക്കായി ക്ഷമയോടെ കാത്തിരിക്കാം എന്നത് തന്നെയാണ് ഉചിതമായ മാർഗവും ഉത്തമമായ പ്രതിരോധവും."