-crude-oil

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 14 ദിവസമായി മാറ്റമില്ല. 17 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില. കൊറോണ വെെറസ് ബാധ ലോകത്ത് അതിവേഗം പടർന്നു പിടിക്കുന്നതിനിടെയാണ് ഏഷ്യൻ വിപണിയിൽ എണ്ണ വില കുറഞ്ഞത്. തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളറായി കുറഞ്ഞു.

യു.എസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 3.9ശതമാനം ഇടിഞ്ഞ് 20 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. കൊറാണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തുകയാണ്. അതേസമയം,​ പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോള്‍വില ലിറ്ററിന് 69.59 രൂപയായി തുടരുകയാണ്. ഡീസലിന് 62.29 രൂപയുമാണ്. ആഗോള വിപണിയില്‍ ബാരലിന് 140 ഡോളറിലേറെയുണ്ടായിരുന്നപ്പോഴുള്ള വിലയാണ് രാജ്യത്ത് ഇപ്പോള്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്.രണ്ടാഴ്ചയായി നിരക്കില്‍ ഒരേ വിലയാണ് എണ്ണക്കമ്പനികൾ ഈടാക്കുന്നത്.

സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാനായി ലോകത്തെ പല രാജ്യങ്ങളും കഴിഞ്ഞയാഴ്ച സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇത് വിപണികളെ സ്വാധീനിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. കൊറോണ വൈറസ് ബാധമൂലം ലോകത്ത് 33,000 പേർ മരിച്ചിട്ടുണ്ടെന്നാണ് നിലവിൽ കണക്കാക്കുന്നത്. ഏകദേശം ഏഴ് ലക്ഷത്തോളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ നിയന്ത്രിക്കുന്ന ശക്തികളായ അമേരിക്കയിലും ചൈനയിലും വൈറസ് ബാധ സ്ഥിരീകരിച്ചത് പ്രശ്നത്തിന്റ ഗൗരവം വർദ്ധിപ്പിക്കുന്നു.