കൊറോണയിൽ ആളുകൾ വീടിനകത്ത് ലോക്ക് ഡൗൺ ആയതോടെ കാറുകളും പോർച്ചിൽ ലോക്ക് ആയി! സ്വകാര്യ വാഹനങ്ങളിൽപ്പോലും യാത്രയ്‌ക്ക് വിലക്കു വന്നപ്പോൾ കവറിട്ട് മൂടി പലരും കാറുകളുടെ കാര്യം തന്നെ മറന്നു. അവിടെക്കിടക്കെട്ടെ, ഒരു മാസം! പക്ഷെ, ഒരു മാസം കഴിഞ്ഞ് കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോഴേ അബദ്ധം പിടികിട്ടൂ. അധിക ദിവസത്തേക്ക് കാറുകൾ ഉപയോഗിക്കുകയോ സ്റ്റാർട്ട് ആക്കുക പോലുമോ ചെയ്യാൻ ഉദ്ദേശ്യമില്ലെങ്കിൽ ശ്രദ്ധിക്കാൻ പലതുണ്ട്.
കാറുകൾ ദീർഘദിവസം ഉപയോഗിക്കാതിരിക്കുമ്പോൾ സംഭവിക്കാവുന്ന സ്ഥിരം കുഴപ്പമാണ് ബാറ്ററി ഡൗൺ ആവുകയെന്നത്. മൂന്നു ദിവസത്തിൽ ഒരിക്കലെങ്കിലും കാർ സ്റ്റാർട്ട് ചെയ്‌തിടുകയാണ് പോംവഴി. ഇതിനെക്കാൾ എളുപ്പ വഴിയാണ് ബാറ്ററിയും എൻജിനുമായുള്ള ബന്ധം വിച്ഛേദിച്ചിടുക എന്നത്. ബാറ്ററിയിൽ നിന്നുള്ള നെഗറ്റീവ് ടെർമിനൽ കേബിൾ വിച്ഛേദിക്കുകയും, കേബിളും ബാറ്റിയിലെ ടെർമിനൽ പോസ്റ്റും വൃത്തിയുള്ള തുണി കൊണ്ട് പൊതിയുകയും ചെയ്യുക. ബാറ്ററി ചാർജ് നഷ്‌ടപ്പെടില്ല.
വീട്ടിലെ പോർച്ചിൽ നിറുത്തിയിടുമ്പോഴും ഹാൻഡ് ബ്രേക്ക് ഇടുന്നതാണ് മിക്കവരുടെയും ശീലം. കുറച്ചധികം ദിവസത്തേക്ക് കാർ ഉപയോഗിക്കുന്നില്ലെങ്കിൽ ഹാൻഡ് ബ്രേക്ക് ഇട്ടു നിറുത്താതിരിക്കുക. ഇത് ബ്രേക്ക് പാഡുകളുടെ തേയ്‌മാനത്തിന് ഇടയാക്കും. ചാരി നിൽക്കുകയോ മറ്റോ ചെയ്യുമ്പോൾ വാഹനം അബദ്ധത്തിൽ നീങ്ങാതിരിക്കാൻ ടയറുകൾക്കു മുന്നിലും പിന്നിലും തടിക്കഷണമോ കോൺക്രീറ്റ് കട്ടയോ വച്ച് സുരക്ഷിതമാക്കുക.
പോർച്ചോ കാർ ഷെഡോ ഉള്ളവർ വാഹനം കവറിട്ടു മൂടി, വെയിലോ മഴയോ എല്‌ക്കാത്ത വിധം സൂക്ഷിക്കുക. മുറ്റത്തും വഴിയരികിലും മറ്റും ദീർഘദിവസത്തേക്ക് കാർ നിറുത്തിയിടേണ്ടിവരുന്നെങ്കിൽ വെയിലും മഴയും പൊടിയും ഏല്‌ക്കാത്ത വിധം കവറിടുക. വാഹനത്തിന് കൃത്യമായി പാകമായതും വായുസഞ്ചാരം അനുവദിക്കുന്നതുമായ കവർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അയഞ്ഞ കവറിനകത്ത് പൊടി കടക്കുകയും, പ്രാണികളും ഇഴജന്തുക്കളും പ്രവേശിക്കുകയും ചെയ്‌തേക്കാം. പ്ളാസ്റ്റിക് പോലെ, വായു കടക്കാത്ത മെറ്റീരിയലുകൾ കൊണ്ടുള്ള കവറിനകത്ത് ഈർപ്പം രൂപപ്പെടാൻ ഇടയുണ്ട്.
ദീർഘദിവസം കാർ അനക്കാതെയിടുമ്പോൾ, നിറുത്തിയിടുന്ന പ്രതലത്തിൽ അമർന്നിരിക്കുന്ന ടയറിന്റെ ഭാഗത്ത് ഫ്ളാറ്റ് സ്‌പോട്ടുകൾ രൂപപ്പെടാൻ ഇടയാകും. ടയർ ട്രെഡ് ദ്രവിക്കുകയോ അമർന്നിരുന്ന് ആകൃതി വ്യത്യാസം വരുന്നതോ ആണ് ഫ്ളാറ്റ് സ്‌പോട്ട്. പലപ്പോഴും ഇത് കാഴ്‌ചയിൽ പ്രകടമാകണമെന്നില്ല. അതേസമയം ഡ്രൈവ് ചെയ്യുമ്പോൾ കുഴപ്പം അനുഭവപ്പെടുകയും ചെയ്യും. ഡ്രൈവിംഗിന്റെ സുരക്ഷിതത്വത്തെത്തന്നെ ബാധിക്കുന്നതാണ് ഇത്തരം ഫ്ളാറ്റ് സ്‌പോട്ടുകൾ. ഇത് ഒഴിവാക്കാൻ നാലോ അഞ്ചോ ദിവസത്തിൽ ഒരിക്കലെങ്കിലും കാർ മുന്നോട്ടോ പിന്നോട്ടോ ചലിപ്പിച്ച് ടയറിന്റെ പൊസിഷൻ മാറ്റി നിറുത്താം. എയർ പ്രഷർ കുറഞ്ഞ് ടയറുകൾ ഫ്ളാറ്റ് ആയിപ്പോകാതെ ശ്രദ്ധിക്കുക.
ഒരു മാസത്തിലധികം കാലം വാഹനം സ്റ്റാർട്ട് ചെയ്യാതെ നിറുത്തിയിടേണ്ടി വരുമ്പോൾ എൻജിൻ ഓയിൽ മാറ്റുന്നതാണ് സുരക്ഷിതം. പഴകിയ എൻജിൻ ഓയിലിലെ മാലിന്യ ഘടകങ്ങൾ എൻജിൻ ഭാഗങ്ങളിൽ ദീർഘദിവസം അടിഞ്ഞുകൂടിയിരിക്കുന്നത് പിന്നീട് വാഹനത്തിന്റെ പെർഫോമൻസിനെ ബാധിക്കും. ശ്രദ്ധിക്കുക: ഒരു മാസത്തിലുമധികം സമയം വാഹനം ഉപയോഗിക്കാനാണ് ഉദ്ദേശ്യമെങ്കിലേ ഇതിന്റെ ആവശ്യമുള്ളൂ.
ഡീസൽ കാർ ആണ് നിങ്ങളുടേതെങ്കിൽ ഫ്യുവൽ ടാങ്ക് നിറച്ചിടുന്നതാണ് നല്ലത്. ടാങ്കിനകത്ത് ഈർപ്പം രൂപപ്പെടുന്നത് തടയാനാണ് ഇത്. ഫ്യുവൽ സ്റ്റബിലൈസറുകൾ ഉപയോഗിക്കുന്നത് ദീർഘദിവസം ഉപയോഗിക്കപ്പെടാതിരിക്കുമ്പോൾ എത്തനോൾ ഘടകം രൂപപ്പെടുന്നത് തടയുകയും ചെയ്യും. അതേസമയം, പെട്രോൾ കാർ ആണെങ്കിൽ ഫ്യുവൽ ടാങ്ക് പരമാവധി (പൂർണമായല്ല) ഒഴിച്ചിടുന്നതാണ് നല്ലത്. ഡീസലിനെ അപേക്ഷിച്ച് പെട്രോൾ പെട്ടെന്ന് ബാഷ്പീകരിക്കപ്പെട്ട് പോകും. മാത്രമല്ല, ഡിസലിനെക്കാൾ വേഗത്തിൽ പെട്രോളിന്റെ ജ്വലനശേഷി (കംബസ്റ്റബിലിറ്റി) കുറയുകയും ചെയ്യും.