kerala-police

തിരുവനന്തപുരം: ലോക്ക് ഡൗൺ നടപ്പിലാക്കാനായി വെയിലും മഴയുംകൊണ്ട് കഷ്ടപ്പെടുന്ന പൊലീസുകാരുടെ വിഷമങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചാരണം. ലോക്ക് ഡൗൺ ലംഘിച്ചു യാത്രചെയ്യുന്നവർക്ക് ചൂരൽക്കഷായം നൽകുന്ന പൊലീസ് എല്ലായിടങ്ങളിലും വിമർശിക്കപ്പെടുമ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പൊലീസിനനുകൂലമായി നടക്കുന്ന അഭിപ്രായ രൂപീകരണം വൈറലാകുകയാണ്. വൈറസ് ബാധയുടെ സാദ്ധ്യതയുള്ളപ്പോൾ വളരെ പ്രതികൂലമായ സാഹചര്യത്തിലാണ് ജീവൻപോലും അപകടത്തിലാക്കി പൊലീസുകാർ പ്രവർത്തിക്കുന്നത്.

ആരോഗ്യപ്രവർത്തകർക്ക് വ്യക്തി സുരക്ഷാ ഉപകരണങ്ങൾ നൽകുന്നുമ്പോൾ സാധാരണ മാസ്‌ക് മാത്രമാണ് പൊലീസുകാർക്ക് നൽകുന്നത്. കൈകഴുകാനുള്ള സാനിറ്റൈസറോ മറ്റ് സംവിധാനങ്ങളോ പൊലീസുകാർക്കില്ല. നല്ലഭക്ഷണം പോലും ലഭിക്കാറില്ല. പൊലീസ് കാണിക്കുന്ന ബലപ്രയോഗത്തെയും ചെറിയ ശിക്ഷാ നടപടികളെയും ഈ പ്രചാരണത്തിൽ സാധൂകരിക്കുന്നുണ്ട്. സ്ഥിരമായി പ്രതികൂലാന്തരീക്ഷത്തിൽ പ്രവർത്തിക്കുകയും ജനങ്ങൾ നിയമം ലംഘിക്കാൻ വളഞ്ഞ വഴി തിരഞ്ഞെടുക്കുകയും ചെയ്യുമ്പോൾ പൊലീസുകാർ അല്പം ദേഷ്യപ്പെടുക സ്വാഭാവികമാണ്. നിർദേശങ്ങൾ പാലിച്ചാൽ പൊലീസിൽ നിന്നു നല്ല പെരുമാറ്റം പ്രതീക്ഷിക്കാം.

ഇപ്പോൾ ജോലിക്കെത്താൻ പോലീസുകാർ അനുഭവിക്കുന്ന ക്ലേശവും ചെറുതല്ല. 40 - 50 കിലോമീറ്റർ താണ്ടി ഇരുചക്രവാഹനങ്ങളിലാണ് പലരും ജോലിക്കെത്തുന്നത്. ജോലി കഴിഞ്ഞെത്തിയാൽ യൂണിഫോം കഴുകി ഉണങ്ങാനിട്ടാണ് വീട്ടിൽ കയറുന്നത്. പലതരം ജനങ്ങളുമായി ഇടപെഴകുന്നത് കൊണ്ട് വീട്ടിലുള്ളവരുമായി പലപ്പോഴും അകലം പാലിക്കേണ്ടിവരുന്നു. കേന്ദ്രസർക്കാർ ആരോഗ്യ പ്രവർത്തകർക്ക് ഇൻഷ്വറൻസ് ആനുകൂല്യം പ്രഖ്യാപിച്ചപ്പോൾ പൊലീസുകാരെ പരിഗണിച്ചിരുന്നില്ല. സംസ്ഥാന സർക്കാരിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ പൊലീസുകാർ.