തിരുവനന്തപുരം : കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊറോണ സാമൂഹ്യസഹായധനം വഴിയിൽ ചോരാതെ ഇനി സീറോ ബാലൻസ് ജൻധൻ ബാങ്ക് അക്കൗണ്ടിലൂടെ സാധാരണക്കാരുടെ പോക്കറ്റിലെത്തും. രാജ്യത്ത് 38.28 കോടി ജനങ്ങൾക്കാണ് ജൻധൻ അക്കൗണ്ടുള്ളത്.
കൊറോണ പ്രതിരോധത്തിന്റെ പേരിൽ ഏപ്രിൽ 14 വരെ രാജ്യം മുഴുവൻ ലോക്ക് ഡൗണായതോടെ, തൊഴിലില്ലാതെ കഷ്ടപ്പെടുന്നവർക്ക് കേന്ദ്രസഹായമായി 500 മുതൽ 2000 രൂപവരെ ലഭിക്കും. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ട, അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും..മുഴുവൻ തുകയും പിൻവലിക്കാം...കർഷകർക്ക് 2000 രൂപ, വനിതകൾക്ക് മൂന്ന് മാസക്കാലം 500 രൂപ വീതം, തൊഴിലുറപ്പ് കൂലി വർദ്ധന, വൃദ്ധകൾക്കും വിധവകൾക്കുമുള്ള സഹായം തുടങ്ങിയവയാണ് പാക്കേജിലുള്ളത്.
കേന്ദ്രസഹായം നേരിട്ടെത്തും
*ഗുണഭോക്താക്കൾക്ക് കേന്ദ്രസഹായം നേരിട്ടെത്തിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ സ്‌കീം തുടങ്ങിയത് 2013ൽ.
* 2014ൽ തുടങ്ങിയ ജൻധൻ ബാങ്ക് അക്കൗണ്ട്, പാവപ്പെട്ടവർക്ക് മിനിമം ബാലൻസില്ലാതെ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിക്കാനും നിലനിറുത്താനും സഹായകം.
* ആയുഷ്മാൻ ഭാരത്, വളം സബ്സിഡി, പാചകവാതക സബ്സിഡി തുടങ്ങി കേന്ദ്രത്തിലെ 56 മന്ത്രാലയങ്ങൾക്ക് കീഴിലായി 429 പദ്ധതികളുടെ സഹായം ലഭ്യം.
*ഗുണഭോക്താക്കൾക്ക് നേരത്തെ ലഭിച്ചിരുന്നത് കേന്ദ്രസഹായത്തിന്റെ പതിനഞ്ച് ശതമാനം മാത്രം
* ഇടനിലക്കാർ തട്ടിയെടുക്കുന്നതും അനർഹക്ക് നൽകുന്നതും തടഞ്ഞതിലൂടെ കേന്ദ്രസർക്കാരിന് പ്രതിവർഷം നേട്ടം 28,699 കോടി.