മനുഷ്യവർഗത്തെ മരണക്കെണിയിൽ അകപ്പെടുത്തുന്ന ഓരോ വൈറസുകളുടെയും ഇത്ഭവം വവ്വാലുകളിൽ നിന്നുതന്നെയെന്ന് മലയാളിയും പ്രശസ്‌ത വൈറോളജിസ്‌റ്റുമായ ഡോ. ഇ. ശ്രീകുമാർ. പലപ്പോഴും വവ്വാൽ തന്നെയാണ് മനുഷ്യന്റെ വില്ലനായി മാറിയതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ അമ്പത് വർഷം മുമ്പുവരെയുള്ള വൈറസ് ഔട്ട് ബ്രേക്കുകളിൽ ഇത് വ്യക്തമാണെന്നും ഡോ. ഇ. ശ്രീകുമാർ വ്യക്തമാക്കുന്നു. രാജീവ് ഗാന്ധി ബയോടെക്‌നോളജിയിലെ വൈറോളജി വിഭാഗം വിദഗ്‌ദ്ധൻ കൂടിയായ ഡോ. ശ്രീകുമാർ കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈനിലാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

ഡോക്‌ടറുടെ വാക്കുകൾ-

'വവ്വാൽ ഒരുപാട് കാര്യങ്ങളിൽ വില്ലനാണ്. പഴയരോഗങ്ങൾ പലതും എടുത്തു കഴിഞ്ഞാൽ, അമ്പത് വർഷം മുമ്പുവരെയുള്ള ഔട്ട് ബ്രേക്കുകളിൽ വവ്വാൽ തന്നെയാണ് മനുഷ്യന്റെ വില്ലനായി മാറിയത്. അവരിൽ നിന്നും ഒരുപാട് രോഗങ്ങൾ മനുഷ്യനിലേക്ക് പകർന്നു. പക്ഷേ വവ്വാലുകളിൽ വൈറസ് രോഗം ഉണ്ടാക്കില്ല. ഏതെങ്കിലും സാഹചര്യത്തിൽ മറ്റൊരു സസ്‌തനിയിലൂടെയാണ് രോഗം പകരുക. ഉദാഹരണത്തിന് നിപ വൈറസിന്റെ കാര്യമെടുക്കാം. കേരളത്തിൽ നിപ എങ്ങനെയാണ് വന്നതെന്നതിനെ കുറിച്ച് ഇനിയും കൃത്യമായ ധാരണ വന്നിട്ടില്ല. പക്ഷേ മറ്റു പല രാജ്യങ്ങളിലും വവ്വാലുകളിൽ നിന്ന് പന്നിയിലേക്കും തുടർന്ന് മനുഷ്യനിലേക്കുമാണ് നിപ പടർന്നത്. ആസ്‌ട്രേലിയയിലെ ഹെൻട്ര വൈറസിന്റെ കാര്യമെടുത്താൽ വവ്വാലുകളിൽ നിന്ന് കുതിരകളാണ് മനുഷ്യന് രോഗം വരുത്തിയതിന് കാരണക്കാരായവർ. വുഹാനിൽ സത്യത്തിൽ എന്താണ് വവ്വാലിനും മനുഷ്യനുമിടയിലെ കാരിയേർസ് എന്ന് മനസിലാക്കാനായിട്ടില്ല. പംഗോലിൻസ് എന്നുപറയുന്ന ഉറുമ്പുതീനി വർഗമാണെന്ന് കാരണമെന്ന് സാർസിന്റെ കാര്യത്തിൽ പറഞ്ഞിരുന്നെങ്കിലും കോവിഡ് 19ൽ അത് പഠനം തുടരുന്നതേയുള്ളൂ.'