ന്യൂഡൽഹി: കൊറോണ വെെറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. ഇന്ന് നാല് പേരാണ് ഇന്ത്യയിൽ രോഗം ബാധിച്ച് മരിച്ചത്. പശ്ചിമബംഗാളില്‍ ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതടക്കമാണിത്. ബംഗാളിലെ ഡാര്‍ജിലിംഗില്‍ 54-കാരിയായ സ്ത്രീയാണ് ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ മരിച്ചത്. പശ്ചിമബംഗാളിലെ രണ്ടാമത്തെ മരണമാണിത്.
മഹാരാഷ്ട്രയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
1171 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി തിങ്കളാഴ്ച രാവിലെയോടെ പുതുതായി 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 100 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില്‍ 218 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കേരളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് ഇതുവരെ 202 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ കൊറോണ കേസുകൾ ആയിരം പിന്നിടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി ട്രെയിനിലെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കുന്നതിന്റെ ആദ്യ മാതൃക തയ്യാറായി. രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായാൽ ആശുപത്രികൾ അപര്യാപ്തമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
അതേസമയം, രാജ്യത്ത് ലോക്ക് ഡൗൺ നീട്ടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു. ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സർക്കാർ നടത്തുന്നില്ല. ഇത്തരം വാർത്തകൾ കാണുമ്പോൾ ആശ്ചര്യം തോന്നുകയാണ്-ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന വാർത്തകളോട് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ ലോക്ക് ഡൗൺ നീക്കിയേക്കും എന്ന തരത്തിൽ സോഷ്യൽ മീഡിയയിലുൾപ്പെടെ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ക്യാബിനറ്റ് സെക്രട്ടറി എത്തിയത്.