insurance

കൊച്ചി: ലോക്ക് ഡൗൺ കാലത്ത് വാഹന ഉടമകളുടെ പ്രധാന ആശങ്കയാണ് തേർ‌ഡ് പാർട്ടി ഇൻഷ്വറൻസ് പുതുക്കുന്നത്. ഇൻഷ്വറൻസ് കമ്പനി ഓഫീസുകൾ അടഞ്ഞുകിടപ്പാണ്. തുറന്ന ഓഫീസുകളിൽ പലേടത്തും വേണ്ടത്ര ജീവനക്കാരില്ലാത്തതുകൊണ്ട് സേവനമില്ല. തേർഡ് പാർട്ടി ഇൻഷ്വറൻസ് പുതുക്കുന്നത് മാറ്റിവയ്ക്കാവുന്നതല്ല. ഇക്കാലത്ത് ക്ളെയിം ഉണ്ടായാൽ പ്രശ്‌നമാകും. ഇൻഷ്വറൻസ് പുതുക്കലിന് സർക്കാർ സാവകാശം അനുവദിക്കാത്തത് അതുകൊണ്ടു തന്നെ. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം നിരത്തിലിറക്കുന്നത് നിയമവിരുദ്ധമാണ്. നിയമം ലംഘിച്ചാൽ 2,000 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കാം.

എങ്ങനെ പുതുക്കാം

ഇൻഷ്വറൻസ് കമ്പനികളുടെയും വെബ്‌സൈറ്രിൽ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പുതുക്കാനുള്ള ഓപ്‌ഷനുണ്ട്. പോളിസി ബസാർ ഡോട്ട് കോം എന്ന വെബ്‌സൈറ്രിലും ഓപ്‌ഷൻ കാണാം.നിലവിലെ പോളിസി നമ്പറും കസ്‌റ്റമർ ഐ.ഡിയും ഉപയോഗിച്ച്, അതിവേഗം ഇൻഷ്വറൻസ് പുതുക്കാവുന്ന ലിങ്കും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ഉൾപ്പെടെയുള്ളവയുടെ സൈറ്റിലുണ്ട്. (നിലവിലെ പോളിസി ഡോക്യുമെന്റിലാണ് കസ്‌റ്റമർ ഐ.ഡി ഉള്ളത്). വിശദാംശങ്ങൾ രേഖപ്പെടുത്തിയാൽ പണം ഓൺലൈനായി അടയ്ക്കാനുള്ള പേമെന്റ് ലിങ്ക് ലഭിക്കും

ക്രെഡിറ്ര്/ഡെബിറ്ര് കാർഡ് ഉപയോഗിച്ചോ നെറ്ര് ബാങ്കിംഗ് വഴിയോ പണം അടയ്ക്കാം. പേമെന്റ് പൂർത്തിയായ അറിയിപ്പ് എസ്.എം.എസ് ആയോ ഇ- മെയിൽ ആയോ വരും. പുതുക്കിയ ഇൻഷ്വറൻസ് ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്ത് എടുക്കാം. ഓണലൈനിൽ ഇൻഷ്വറൻസ് പുതുക്കുന്നതിന് ചില കമ്പനികൾ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. ന്യൂ ഇന്ത്യ അഷ്വറൻസ് 10 ശതമാനം ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു.

പ്രീമിയം വർദ്ധന തത്കാലമില്ല

ഓരോ സാമ്പത്തിക വർഷത്തുടക്കത്തിലും തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിപ്പിക്കാറുണ്ട്. ഇക്കുറിയും വർദ്ധിപ്പിച്ചെങ്കിലും ലോക്ക് ഡൗണിന്റെ പശ്‌ചാത്തലത്തിൽ അതു നടപ്പാക്കുന്നത് അനിശ്‌ചിതകാലത്തേക്ക് നീട്ടി. തത്കാലം പഴയ നിരക്ക് തുടരുമെന്ന് ഇൻഷ്വറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) വ്യക്തമാക്കിയിട്ടുണ്ട്.


ജി.എസ്.ടി ചോദിച്ചാൽ

ഓൺലൈൻ ആയി വാഹന ഇൻഷ്വറൻസ് പുതുക്കുമ്പോൾ ജി.എസ്.ടി നമ്പർ ചോദിച്ചേക്കാം. ഇത്, ഒന്നിലേറെ വാഹനങ്ങൾ ഉപയോഗിക്കുന്ന,​ കമ്പനികൾക്കും മറ്റും ബാധകമായ ഓപ്‌ഷൻ ആണ്. വ്യക്തികൾ ഈ കോളം പൂരിപ്പിക്കേണ്ടതില്ല.

നിലവിലെ പ്രീമിയം

സ്വകാര്യ കാർ

 1000 സി.സിക്കു താഴെ : ₹ 2,072

 1000-1500 സി.സി: ₹ 3,221

 1500 സി.സിക്കു മുകളിൽ : ₹ 7,890

പുതുക്കിയ

പ്രീമിയം

(ഇതു നടപ്പാക്കുന്നത് അനിശ്‌ചിതകാലത്തേക്ക് നീട്ടി)

 1000 സി.സിക്കു താഴെ : ₹ 2,182

 1000-1500 സി.സി : ₹ 3,383

 1500 സി.സിക്ക് മുകളിൽ : ₹7,890 (മാറ്റമില്ല)

ടൂവീലർ

(ബ്രായ്ക്കറ്റിൽ പുതുക്കിയ പ്രീമിയം*)

 75 സി.സിക്കു താഴെ : ₹ 482 (₹ 506)

 75-150 സി.സി : ₹ 752 (₹ 769)

 150-300 സി.സി : ₹1,193 (₹1,301)

 350 സി.സിക്ക് മുകളിൽ : ₹ 2,323 (₹ 2,571)

*പുതുക്കിയ പ്രീമിയം അനിശ്‌ചിത കാലത്തേക്ക് നീട്ടി.