*ചൈനയിൽ മരണം 3300 എന്ന ഔദ്യോഗിക കണക്ക് തെറ്റെന്നും ബ്രിട്ടിഷ് മാദ്ധ്യമം
ബീജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്ക് ചൈന ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാൾ നിരവധി മടങ്ങ് അധികമാണെന്ന് റിപ്പോർട്ട്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലെ വുഹാനിൽ മാത്രം കുറഞ്ഞ് 42,000 പേർ മരിച്ചതായി പ്രദേശവാസികൾ വെളിപ്പെടുത്തിയെന്ന് ബ്രിട്ടിഷ് മാദ്ധ്യമം ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
കൊറോണ മൂലം രാജ്യത്താകെ 3,300 പേർ മരിച്ചെന്നാണ് ചൈനയുടെ ഔദ്യോഗിക കണക്ക്. 81,000 പേർക്കാണ് രാജ്യത്ത് രോഗബാധയുണ്ടായതെന്നും,വുഹാനിൽ മാത്രം 3,182 പേർ മരിച്ചെന്നും അധികൃതർ പറയുന്നു.എന്നാൽ , ഈ കണക്ക് തെറ്റാണെന്നാണ് വുഹാനിലുള്ളവരുടെ വെളിപ്പെടുത്തൽ.
ഏറ്റവും ഉയർന്ന മരണ നിരക്ക് രേഖപ്പെടുത്തിയ 12 ദിവസങ്ങളിൽ നഗരത്തിലെ ഒരു ശ്മശാനത്തിൽ നിന്ന് പ്രതിദിനം അഞ്ഞൂറിലധികം പേരുടെ ചിതാഭസ്മകുംഭങ്ങൾ കുടുംബങ്ങൾക്ക് വിട്ടു നൽകിയിരുന്നു. വുഹാനിൽ മാത്രം ഏഴ് ദഹിപ്പിക്കൽ കേന്ദ്രങ്ങളുണ്ട്. ഓരോ 24 മണിക്കൂറിലും 3,500 പേരുടെ ശവസംസ്‌കാരം നടന്നെന്ന് കരുതണം. അങ്ങനെയെങ്കിൽ 12 ദിവസത്തിനുള്ളിൽ മാത്രം 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടാവും .കൊറോണ ബാധിച്ചാണെന്ന് ഉറപ്പിക്കാനാകാതെ നിരവധി പേർ വീടുകളിൽ മരിച്ചിട്ടുണ്ട്. ഈ മരണങ്ങൾ അധികൃതരുടെ കണക്കിൽപ്പെട്ടിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.ഒരു മാസം 28,000 ശവസംസ്‌കാരങ്ങൾ വരെ നഗരത്തിൽ നടന്നതായും റിപ്പോർട്ടുണ്ട്.
50 ദശലക്ഷം പേർ തിങ്ങിപ്പാർക്കുന്ന ഹുബെയ് പ്രവിശ്യ രണ്ടുമാസത്തെ ലോക്ഡൗണിന് ശേഷം അടുത്തിടെയാണ് തുറന്നു കൊടുത്തത്. കൊറോണയില്ലെന്ന ഗ്രീൻ ഹെൽത്ത് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാർച്ച് 25 മുതൽ പ്രവിശ്യ വിടാൻ അനുമതി കൊടുത്തിരുന്നു.