വാഷിംഗ്ടൺ: നിലവിൽ ലോസാഞ്ചലസിൽ കഴിയുന്ന ഹാരി രാജകുമാരന്റെയും (35) ഭാര്യ മേഗൻ മാർക്കിളിന്റെയും (38) സുരക്ഷാച്ചെലവുകൾ വഹിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
'ഞാൻ ബ്രിട്ടീഷ് രാജ്ഞിയുടെയും യു.കെയുടെയും തികഞ്ഞ സുഹൃത്തും ആരാധകനുമാണ്. എങ്കിലും ഇപ്പോൾ യു.എസിലുള്ള ഹാരിയുടെയും മേഗന്റെയും സുരക്ഷയ്ക്ക് അമേരിക്കയ്ക്ക് പണം നൽകില്ല. അവർ തന്നെ നൽകണം.’ – ട്രംപ് ട്വീറ്റ് ചെയ്തു.
നിരവധി മാസങ്ങളായി കാനഡയിൽ കഴിയുന്ന ഹാരിയും മേഗനും കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് കാലിഫോർണിയയിലെ ലോസാഞ്ചലസിലേക്ക് താമസം മാറിയത്. കാനഡയും യു.എസും തമ്മിലുള്ള അതിർത്തി അടയ്ക്കുന്നതിന് മുമ്പു സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഇരുവരും എത്തിയത്. മേഗന്റെ അമ്മ ലോസാഞ്ചലസിലാണ് സ്ഥിര താമസമാക്കിയിരിക്കുന്നത്.
ജനുവരിയിലാണ് ബ്രിട്ടിഷ് രാജകുടുംബാംഗവും സസെക്സ് പ്രഭുവും പ്രഭ്വിയുമായ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും രാജകീയചുമതലകളിൽ നിന്ന് ഒഴിയുന്നതായി അറിയിച്ചത്. മാർച്ച് 31നാണ് ഇത് ഔദ്യോഗികമായി നടപ്പാകുന്നത്.