story-image

കൊച്ചി : കർണാടക മണ്ണിട്ട് അതിർത്തികൾ അടച്ചു. വണ്ടികൾ കടത്തി വിടാതെ, തമിഴ്‌നാടും. കൊറോണ കാലത്ത് അയൽ സംസ്ഥാനങ്ങളുടെ കടുംകൈയിൽ കേരളത്തിലേക്കുള്ള ആവശ്യസാധങ്ങളുടെ വരവ് തന്നെ താറുമാറായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കേരള മോഡൽ പദ്ധതിക്ക് തന്നെ രൂപം നൽകിയിരിക്കുകയാണ് എറണാകുളം വടക്കേക്കര പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളിലും കൃഷി ആരംഭിച്ചാണ് കേരളത്തിന് കൈത്താങ്ങാകുന്നത്. കുടുംബശ്രീയടക്കമുള്ളവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. പഞ്ചായത്തിൽ ഇതിനോടകം 4827 വിടുകളിൽ കൃഷി ആരംഭിച്ചു കഴിഞ്ഞു. വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലുമാണ് കൃഷി. ചീര, പയർ ,വെണ്ട ,വഴുതന ,മുളക് ,പാവൽ ,പടവലം , കോവൽ ,നിത്യവഴുതന ,തക്കാളി ,അമര ,വാളങ്ങ ,ചുരയ്ക്ക ,മത്തൻ തുടങ്ങിയ പച്ചക്കറി വിളകളും പയർ ,ചെറുപയർ എന്നിവയുമാണ് കൃഷി ചെയ്യുന്നത്.നടാൻ ആവശ്യമായ തൈകൾ ഗ്രാമപഞ്ചായത്ത് നഴ്‌സറിയിൽ മുളപ്പിച്ച് എല്ലാ വീടുകളിലും സൗജന്യമായി എത്തിക്കും.

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും കൃഷിയാരംഭിക്കുവാനുള്ള പരിശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. കുടുംബശ്രീയംഗങ്ങൾക്ക് തടാനാവശ്യമായ നടീൽ വസ്തുക്കൾ വിതരണമാരംഭിച്ചിട്ടുണ്ട് .7000 ത്തോളം കുടുംബശ്രീ അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. കൊറോണാ കാലത്ത് വീട്ടുവളപ്പിലും ,മട്ടുപ്പാവിലും മികച്ച പച്ചക്കറി തോട്ടം ഒരുക്കുന്നവർക്ക് വടക്കേക്കര ഗ്രാമപഞ്ചായത്ത് പുരസ്കാരം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷിയാരംഭിക്കാൻ എല്ലാ ജനവിഭാഗങ്ങളും രംഗത്തുവരണമെന്ന് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് പറഞ്ഞു.