2021 ജൂലായ് 23ന് തുടങ്ങി ആഗസ്റ്റ് എട്ടിന് സമാപിക്കും
ടോക്കിയോ : ഒരു വർഷത്തേക്ക് മാറ്റി വയ്ക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സിന് പുതിയ തീയതി നിശ്ചയിക്കുന്നതിൽ ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റിയും ആതിഥേയരായ ജപ്പാനും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. 2021ജൂലായ് 23ന് തുടങ്ങി ആഗസ്റ്റ് 8ന് സമാപിക്കുന്ന രീതിയിൽ ഗെയിംസ് നടത്തുമെന്നാണ് ജപ്പാനിലെ ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് ഐ.ഒ.സി ഒൗദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട്.
ഇൗവർഷം ജൂലായ് 24ന് ഗെയിംസ് ആരംഭിക്കാനും ആഗസ്റ്റ് ഒൻപതിന് കൊടിയിറക്കാനുമായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.എന്നാൽ കൊറോണ വൈറസ് ഭീഷണിയിൽ അത്‌ലറ്റുകളുടെയും അംഗരാജ്യങ്ങളുടെയും കടുത്ത സമ്മർദ്ദത്തെത്തുടർന്ന് ഇത് മാറ്റേണ്ടിവരികയായിരുന്നു. കഴിഞ്ഞ ആഴ്ചവരെ അന്തിമ തീരുമാനമെടുക്കാൻ ഒരു മാസത്തെ സമയം തേടിയിരുന്ന ഐ.ഒ.സി കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ബഹിഷ്കരണഭീഷണിക്ക് മുന്നിൽ പൊടുന്നനെ ഒളിമ്പിക്സ് മാറ്റിവയ്ക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
പുതിയ തീയതിയെ സംബന്ധിച്ച് ഐ.ഒ.സി കഴിഞ്ഞ ദിവസങ്ങളിൽ ടോക്കിയോ സംഘാടക സമിതിയുമായും അംഗരാജ്യങ്ങളിലെ ഒളിമ്പിക് കമ്മിറ്റിയുമായും രാജ്യാന്തര കായിക ഫെഡറേഷനുകളുമായും ചർച്ച നടത്തിയിരുന്നു. ജൂലായ് മുതൽ ആഗസ്റ്റ് വരെയുള്ള സ്ഥിരം സീസണിൽ നിന്ന് മാറി സെപ്തംബറിന് ശേഷം ഗെയിംസ് നടത്താനും തങ്ങൾ ഒരുക്കമാണെന്ന് ഐ.ഒ.സി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ സീസൺ മാറ്റം വരുത്തുന്നത് അത്‌ലറ്റുകൾക്ക് ബുദ്ധിമുട്ടാകുമെന്ന് അഭിപ്രായം ഉയർന്നതിനെത്തുടർന്ന് ജൂലായിൽ തന്നെ നടത്താൻ തീരുമാനത്തിലെത്തുകയായിരുന്നു.
നിലവിൽ ഒളിമ്പിക്സിന് യോഗ്യത നേടിയവർക്ക് അടുത്തവർഷത്തെ ഗെയിംസിൽ പങ്കെടുക്കാനാകും. മറ്റുള്ളവർക്ക് യോഗ്യതനേടാൻ അടുത്തവർഷത്തെ യോഗ്യതാമത്സരങ്ങൾ വരെ സമയവുമുണ്ടാകും.
11,000ഒാളം കായിക താരങ്ങളാണ് ഒളിമ്പിക്സിൽ പങ്കെടുക്കേണ്ടത്. ഇതിൽ 55 ശതമാനത്തോളം പേർ മാത്രമേ ഇതുവരെ യോഗ്യത നേടിയിട്ടുള്ളൂ.
2021ൽ ഒളിമ്പിക്സ് നടന്നാലും ടോക്കിയോ 2020 എന്ന പേര് നിലനിറുത്താൻ സാദ്ധ്യതയുണ്ട്.
2024ൽ പാരീസിൽ നടക്കേണ്ട ഒളിമ്പിക്സിന് മാറ്റുണ്ടാകില്ല.
ആധുനിക ഒളിമ്പിക്സിന്റെ 124 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് ഒരു ഒളിമ്പിക്സും രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് രണ്ട് ഒളിമ്പിക്സുകളും ഉപേക്ഷിച്ചിട്ടുണ്ട്. 1980ൽ ശീതയുദ്ധസമയത്ത് മോസ്കോ ഒളിമ്പിക്സിൽ നിന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ വിട്ടുനിന്നെങ്കിലും ഉപേക്ഷിച്ചിരുന്നില്ല.
നഷ്ടം 60 ദശലക്ഷം ഡോളർ
ഒളിമ്പിക്സ് ഒരുവർഷത്തേക്ക് മാറ്റിയതോടെ സംഘാടകരായ ജപ്പാന് നഷ്ടം
60 ദശലക്ഷം ഡോളറായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നു. ഇൗ ജൂലായിൽ ഗെയിംസ് നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരുന്നതാണ്. ഇത് ഒരു വർഷത്തേക്ക് കാത്ത് സൂക്ഷിക്കണം. ഒളിമ്പിക്സ് മുൻനിറുത്തിയുള്ള ടൂറിസം പദ്ധതികൾ അവതാളത്തിലായതിലെ നഷ്ടം വേറെയും.