loan

ന്യൂഡൽഹി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.75 ശതമാനം വെട്ടിക്കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് പൂർണമായി കൈമാറി ബാങ്ക് ഒഫ് ബറോഡയും. ബാങ്കിന്റെ വായ്‌പാപലിശയുടെ മാനദണ്ഡമായ ബറോഡ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്ര് (ബി.ആർ.എൽ.എൽ.ആർ) 0.75 ശതമാനം കുറച്ച് 7.25 ശതമാനമാക്കി. റീട്ടെയിൽ, വ്യക്തിഗത, എം.എസ്.എം.ഇ വായ്‌പകളുടെ പലിശയാണ് താഴ്‌ത്തിയത്. പുതുക്കിയ നിരക്ക് മാർച്ച് 28ന് പ്രാബല്യത്തിൽ വന്നു.

റിപ്പോ നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം നേരത്തേ എസ്.ബി.ഐയും ബാങ്ക് ഒഫ് ഇന്ത്യയും ഉപഭോക്താക്കൾക്ക് പൂർണമായി കൈമാറിയിരുന്നു. 6.65 ശതമാനമാണ് എസ്.ബി.ഐയുടെ ആർ.എൽ.എൽ.ആർ. ബാങ്ക് ഒഫ് ഇന്ത്യയുടേത് 7.25 ശതമാനം. എസ്.ബി.ഐ വായ്‌പാ പലിശയുടെ മറ്റൊരു മാനദണ്ഡമായ എക്‌സ്‌റ്രേണൽ ബെഞ്ച്മാർക്ക് റേറ്റ് (ഇ.ബി.ആർ) 7.80 ശതമാനത്തിൽ നിന്ന് 7.05 ശതമാനമായും കുറച്ചിരുന്നു.