കൊച്ചി: കൊറോണ വൈറസിന്റെ താണ്ഡവം ആഗോളതലത്തിൽ കൂടുതൽ രൂക്ഷമായതിന്റെ ആശങ്കയിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ നഷ്‌ടത്തിലേക്ക് വീണു. സെൻസെക്‌സ് 1,375 പോയിന്റിടിഞ്ഞ് 28,440ലും നിഫ്‌റ്റി 379 പോയിന്റ് തകർന്ന് 8,281ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളമാന്ദ്യം ഉണ്ടാകുമെന്ന ഭീതിയാൽ ഇന്ത്യയിൽ നിന്ന് വിദേശനിക്ഷേപർ കൂടൊഴിഞ്ഞ് പോകുന്നതും തിരിച്ചടിയാണ്. ഈമാസം ഇതുവരെ 59,367 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്രൊഴിഞ്ഞത്.
ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ സ്‌റ്രീൽ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഇന്നലെ കനത്ത നഷ്‌ടം കുറിച്ച പ്രമുഖ ഓഹരികൾ. സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് 2.85 ലക്ഷം കോടി രൂപയും ഇന്നലെ കൊഴിഞ്ഞു.
രൂപയ്ക്കും തകർച്ച
ഓഹരികളുടെ വീഴ്‌ച രൂപയെയും തളർത്തി. വെള്ളിയാഴ്‌ചത്തെ മൂല്യമായ 74.85ൽ ഡോളറിനെതിരെ വ്യാപാരം തുടങ്ങിയ രൂപ, ഇന്നലെ 75.65ലേക്ക് കൂപ്പുകുത്തി.