corona-

പത്തനംതിട്ട: കൊറോണ രോഗം ബാധിച്ച് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ അഞ്ചുപേരും ആശുപത്രി വിട്ടു ജീവനോടെ തിരികെ പോകാമെന്ന് കരുതിയതല്ലെന്നും സർക്കാരാശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും, കണ്ണ് നിറഞ്ഞ് കുടുംബം മാധ്യമപ്രവ‌ർത്തകരോട് പറഞ്ഞു.

ഇറ്റലിയിൽ നിന്ന് തിരികെ വന്ന കുടുംബം ആദ്യം വിമാനത്താവളത്തിൽ പരിശോധന നടത്താൻ തയ്യാറായിരുന്നില്ല. ഇത് തെറ്റിദ്ധാരണയാണെന്നും, ഇത്തരത്തിൽ വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ''അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്. പക്ഷേ, ഞങ്ങൾക്ക് ഇവിടെ കിട്ടിയത് മികച്ച ചികിത്സയാണ്. എല്ലാ ഡോക്ടർമാരും മികച്ച പിന്തുണ തന്നു. അവർ കൗൺസിലിംഗ് തന്നു. മനോധൈര്യം തന്നു. ഇവിടത്തെ ഡോക്ടർമാരോട്, നഴ്സുമാരോട്, പേരറിയാത്ത ആരോഗ്യപ്രവർത്തകരോട് ഒക്കെ നന്ദി. എത്രയോ മികച്ച ചികിത്സയാണ് നമ്മുടെ സർക്കാർ ആശുപത്രികളിലേത്'', റാന്നി സ്വദേശികളുടെ മകൻ പറഞ്ഞു.

നേരത്തേ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഇറ്റലിയിൽ നിന്ന് തിരികെ എത്തിയ ദമ്പതികളുടെ കോട്ടയത്തുള്ള മകൾക്കും മരുമകനുംരോഗം ഭേദമായിരുന്നു. ഇറ്റലിയിൽ നിന്ന് തിരികെയെത്തിയ ശേഷം റാന്നി സ്വദേശികളായ ദമ്പതികളും മകനും മകളെയും മരുമകനെയും കാണാൻ കോട്ടയത്തെ വീട്ടിലെത്തിയിരുന്നു. ഇങ്ങനെയാണ് ഇവർ രണ്ട് പേർക്കും വൈറസ് ബാധയുണ്ടായത്.

ആദ്യ സാമ്പിള്‍ പരിശോധനയില്‍തന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. റാന്നി സ്വദേശികളുടെ വൃദ്ധരായ മാതാപിതാക്കൾ ഇപ്പോഴും രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.

റാന്നിയിലെ വീട്ടിലേക്കാണ് ഇറ്റലിയിൽ നിന്ന് തിരികെ എത്തിയവർ ആദ്യം വന്നത്. വരുമ്പോൾ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഫ്ലൈറ്റിൽ അനൌൺസ്മെന്റുണ്ടായിരുന്നെങ്കിലും അവർ അത് അനുസരിച്ചിരുന്നില്ല. പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതിരുന്നതിലാണ് റിപ്പോർട്ട് ചെയ്യാതിരുന്നത് എന്ന് ഇവർ പിന്നീട് വിശദീകരിച്ചെങ്കിലും പനി ഉൾപ്പടെ വന്നപ്പോഴും സ്വകാര്യ ആശുപത്രിയിലെത്തി മടങ്ങിപ്പോവുക മാത്രമാണ് ചെയ്തത്. തൊട്ടടുത്തുള്ള സർക്കാർ സംവിധാനങ്ങളെയൊന്നും വിവരമറിയിക്കാൻ ഇവർ തയ്യാറായില്ല. ഒടുവിൽ അയൽവാസികളായ കുടുംബത്തിന് പനി വന്നപ്പോഴാണ് ഇവർക്കും അസുഖമുണ്ടെന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്.