corona-

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് സാമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ സമൂഹ വ്യാപനത്തിനുള്ള സാദ്ധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യത്തെ സമൂഹ വ്യാപനമെന്ന് വിളിക്കാന്‍ കഴിയില്ല. ഇപ്പോഴും രോഗികളുമായി സമ്പർക്കം പുലര്‍ത്തിയ ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യം ഇപ്പോഴും പ്രാദേശിക വ്യാപന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ രാജ്യത്ത് സാമൂഹ വ്യാപനം നടന്നതായി സൂചനയില്ലെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചത്.പല സംസ്ഥാനങ്ങളിലും സാമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെന്ന സംശയം ഉയരുന്ന സാഹചര്യത്തിലാണ് സമൂഹ വ്യാപന സാധ്യതയില്ലെന്ന വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നത്.