തിരുവനന്തപുരം: കർണാടക അതിർത്തി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച കാര്യം മാദ്ധ്യമപ്രവർത്തകരോട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയവുമായി ബന്ധപ്പെട്ട് മംഗലാപുരവും കാസർകോടും തമ്മിലുള്ള ചരിത്ര ബന്ധം താൻ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് വിശദീകരിച്ചുവെന്നും ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ കാസർകോട്ടുകാരും മഞ്ചേശ്വരം പ്രദേശവാസികളും പാരമ്പര്യമായി മംഗലാപുരത്തെയും മംഗലാപുരം തിരിച്ചും ആശ്രയിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് താൻ അദ്ദേഹത്തോട് വിശദമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഇതൊക്കെ ഞാൻ പറഞ്ഞപ്പോൾ എനിക്കറിയാം, എനിക്കറിയാം എന്ന് അദ്ദേഹം പറയുന്നുണ്ട്. എല്ലാക്കാര്യവും എനിക്കറിയാം. ഞാനിന്ന് രാത്രിതന്നെ കർണാടക മുഖ്യമന്ത്രിയുമായി സംസാരിക്കാം. നിങ്ങളെ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞു. എന്നാൽ രാത്രി പിന്നെ തിരിച്ചുവിളിച്ചില്ല. പക്ഷെ അദ്ദേഹം ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നുണ്ട് എന്നാണ് ഞാൻ മനസിലാകുന്നത്.'- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിഷയം സംബന്ധിച്ച് സംസ്ഥാന ഗവർണറും ചില ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അതിൽ ചില പോസിറ്റീവ് വശങ്ങൾ ഉണ്ടെന്നതാണ് താൻ മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതായാലും ഈ വിഷയത്തിൽ താൻ നല്ല പ്രതീക്ഷയിൽ തന്നെയാണ് ഇരിക്കുന്നതെന്നും എന്താണ് സ്ഥിതിയെന്നത് നമുക്ക് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ താൻ പ്രധാനമന്ത്രിയുമായി സംസാരിച്ച കാര്യവും അദ്ദേഹം പരാമർശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായി സംസാരിച്ചിരുന്നുവെങ്കിലും പരിഹാരമൊന്നുമായില്ലെന്നതും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.