kerala-psc

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ കൊറോണ രോഗ അവലോകന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോക്ഡൗൺ പശ്ചാത്തലത്തിൽ പി.എസ്‌.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന പ്രശ്നം ഉണ്ടായിരുന്നു.മാർച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിച്ചതായി പി.എസ്‍‌.സി അറിയിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

'20.03.2020 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് മൂന്നു മാസത്തേക്ക് (19.06.2020 വരെ) ദീർഘിപ്പിച്ചത്. 18.06.2020 വരെയുള്ള കാലയളവിൽ കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകൾക്കും 19.06.2020 വരെയോ ഈ തസ്തികകൾക്ക് പുതിയ റാങ്ക് ലിസ്റ്റ് വരുന്നതു വരെയോ (ഏതാണോ ആദ്യം അതുവരെ ) കാലാവധി ഉണ്ടാകും.' മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ 17 പേർക്കും, കണ്ണൂരിൽ 11 പേർക്കും, വയനാട്ടിലും ഇടുക്കിയിലും രണ്ട് പേർക്ക് വീതവും ആണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരിൽ 17 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 15 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 213 പേരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.