തിരുവനന്തപുരം: കൊറോണയുടെ സാഹചര്യത്തില്‍ പ്രവാസികളെ അപഹസിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നമ്മുടെ നാടിന്റെ നട്ടെല്ലാണു പ്രവാസികളെന്നും അവരുടെ ബലത്തിലാണു നാം ഇവിടെ കഞ്ഞികുടിച്ചു നടന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളാണ് നാടിന്റെ നട്ടെല്ല്. അവര്‍ പോയ നാട്ടില്‍ ചില പ്രശ്നങ്ങളുണ്ടായപ്പോള്‍ നാട്ടിലേക്കു തിരിച്ചുവരാന്‍ അവര്‍ ആഗ്രഹിച്ചു. തിരിച്ചുവന്നപ്പോള്‍ ഭൂരിഭാഗവും പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ മറിച്ചുള്ള രീതിയില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി. അത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പ്രവാസികളെ അടച്ച് കുറ്റപ്പെടുത്താനോ അപഹസിക്കാനോ കഴിയില്ല. ഇത് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രവാസി സഹോദരങ്ങള്‍ക്ക് നാട്ടിലുള്ള കുടുംബത്തെക്കുറിച്ച് ഉത്കണ്ഠയുണ്ട്. നിങ്ങള്‍ എവിടെയാണോ അവിടെ സുരക്ഷിതരായി കഴിയുക എന്നാണ് ഇപ്പോള്‍ പറയാനുള്ളത്. ഇവിടെ എല്ലാവരും സുരക്ഷിതമാണ്. ഈ നാട് എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പുനല്‍കുന്നെന്നും പിണറായി പറഞ്ഞു.