karnataka

കാസർകോഡ്: കർണാടകം ചികിത്സ നിഷേധിച്ചതിനാൽ രണ്ടുപേർ കൂടി മരണമടഞ്ഞു. മഞ്ചേശ്വരം സ്വദേശികളാണ് അതിർത്തി അടച്ചതിനാൽ തക്കസമയത്ത് ചികിത്സ കിട്ടാത്തത് മൂലം മരണമടഞ്ഞത്. മഞ്ചേശ്വരം തുമിനാട് സ്വദേശിയായ മാധവൻ, കുഞ്ചത്തൂർ സ്വദേശിയായ ആയിഷ എന്നിവരാണ് മരണപ്പെട്ടത്.

അതിർത്തി പ്രദേശമായ തലപ്പാടിക്ക് സമീപമാണ് ഇരുവരും താമസിച്ചിരുന്നത്. മംഗലാപുരത്തേക്കുള്ള അതിർത്തി അടച്ചതുകാരണം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കായിരുന്നു മാധവനെ കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിൽ എത്തുംമുൻപ് തന്നെ ഇദ്ദേഹം മരണമടയുകയായിരുന്നു. ആയിഷയുടെ മരണവും സമാനമായ രീതിയിലാണ് സംഭവിച്ചത്.

ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ച ആയിഷയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായതിനാൽ ഡോക്ടർ ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. എന്നാൽ അതിർത്തി അടച്ചത് കാരണം ഇവരെയും കാഞ്ഞങ്ങാട്ട് ആശുപത്രിയിലേക്ക് തന്നെ കൊണ്ടുവരുന്നതിനിടെ വഴിമദ്ധ്യേ ഉദുമയിൽ വച്ച് ആയിഷ മരണമടഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചര മണിയോടടുത്താണ് ഇരുവരും മരണപ്പെട്ടത്.