ന്യൂഡൽഹി: നിസാമുദീനിൽ മതപരമായ ചടങ്ങിൽ പങ്കെടുത്ത 200 പേരിൽ കടുത്ത രോഗലക്ഷണം കണ്ടെത്തി. നിസാമുദീനിലെ ദർഗയായ മർക്കസ് മസ്ജിദിൽ മാർച്ച് 18ന് നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരിലായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി അഞ്ഞൂറോളം പേർ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു എന്നാണ് വിവരം.
സമ്മേളനം നടന്ന് 12 ദിവസങ്ങൾ കഴിഞ്ഞാണ് രോഗ ലക്ഷണങ്ങൾ ഇവരിൽ കണ്ടു തുടങ്ങിയിരിക്കുന്നത്. തായ്‍വൻ, ഇന്തൊനേഷ്യ എന്നീ വിദേശ രാജ്യങ്ങളിൽനിന്നുമുള്ള പ്രതിനിധികളും ഇവിടേക്ക് എത്തിയിരുന്നു. ഇവരിൽ നിന്നാകാം രോഗം പടർന്നതെന്നാണ് കരുതപ്പെടുന്നത്. ഇറാനിൽ ഇത്തരത്തിലുള്ള മതചടങ്ങുകളിലൂടെ കൊറോണ രോഗം പടർന്നപ്പോഴാണ് സമൂഹ വ്യാപനം സംഭവിച്ചത്.
ഇതേ രീതിയിൽ ഇവിടെയും സംഭവിക്കുമോ എന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. നിലവിൽ നിസാമുദീൻ പൂർണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. പുറത്തേക്കും അകത്തേക്കുമുള്ള എല്ലാ വഴികളും അടച്ചുകഴിഞ്ഞു. ഈ 200 പേരുടെയും ശരീര സാംപിളുകൾ പരിശോധിച്ച് ഫലം വന്നാൽ മാത്രമേ രോഗബാധയുടെ കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരികയുള്ളൂ.