alcohol

തിരുവനന്തപുരം: ഡോക്ടർമാർ നൽകുന്ന കുറിപ്പടി അനുസരിച്ച് മദ്യം നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കേരള സർക്കാർ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ(കെ.ജി.എം.ഒ.എ). മദ്യത്തിന് കുറിപ്പടി നൽകില്ലെന്നും കുറിപ്പടി നൽകാത്തതിന് നടപടിയെടുത്താൽ ജോലിയിൽ നിന്നും വിട്ടുനിൽകുമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി.

കേരളത്തിലെ സർക്കാർ ഡോക്ടർമാർ കൊറോണ രോഗ പ്രതിരോധത്തിൽ ശ്രദ്ധിക്കുകയാണെന്നും അതിനിടെ മദ്യത്തിന് കുറിപ്പടി നൽകേണ്ട ഡോക്ടർമാരുടെ അവസ്ഥ ദൗർഭാഗ്യകരമാണെന്നും കെ.ജി.എം.ഒഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ജോസഫ് ചാക്കോ പറഞ്ഞു. കെ.ജി.എം.ഒയുടെ എതിർപ്പ് കടുത്തതോടെ സർക്കാർ തീരുമാനവും വിവാദത്തിലേക്ക് കുതിക്കുകയാണ്.

ലോ‌ക്ക്ഡൗണിനെ തുടർന്ന് ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചതോടെ മദ്യം ലഭിക്കാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് മദ്യം വിതരണം ചെയ്യാൻ സർക്കാർ നിർദേശങ്ങൾ അൽപ്പം മുൻപ് പുറത്തിറങ്ങിയിരുന്നു. ഡോക്ടറുടെ കുറിപ്പ് എക്‌സൈസ് ഓഫിസിൽ ഹാജരാക്കി നിശ്ചിത ഫോമിൽ അപേക്ഷിച്ചാൽ മദ്യം ലഭിക്കുമെന്നാണ് സർക്കാർ നിർദേശം. ഡോക്ടർ നല്‍കുന്ന രേഖയ്‌ക്കൊപ്പം തിരിച്ചറിയൽ രേഖകളും നൽകണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.