ന്യൂഡൽഹി : നിസാമുദ്ദീൻ ദർഗയ്ക്ക് സമീപമുള്ള മർകസിൽ മതപരമായ പ്രാർത്ഥനയിൽ പങ്കെടുത്തവരിൽ കൊറോണ ബാധ സ്ഥിരീകരിച്ച ആറ് പേർ മരിച്ചു. തെലങ്കാനയിൽ വച്ചാണ് ആറ് പേരും മരിച്ചത്. ഇതോടെ രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 32 ആയി.
പ്രാർത്ഥനയിൽ പങ്കെടുത്ത ഒൻപത് പേർക്ക് ഡൽഹിയിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ പരിപാടിയിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 1500 ഓളം പേർ പങ്കെടുത്തിരുന്നു. മാർച്ച് 13മുതൽ 15 വരെയാണ് പള്ളിയിൽ പ്രാർത്ഥന നടന്നത്. മർകസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന ഇരുന്നൂറോളം പേരെ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഇവരിൽ 24 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ ലോക് നായക് ആശുപത്രിയിലാണ് പ്രാർത്ഥനയിൽ പങ്കെടുത്ത 163 പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മർക്കസ് പരിസരം ഡൽഹി പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. വ്യാഴാഴ്ച ജമ്മു കാശ്മീരിലെ ശ്രീനഗറിൽ കൊറോണ ബാധിച്ച് മരിച്ച 65കാരനും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ചു.