ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ കൗമാരത്തിലേ ശ്രദ്ധിക്കണം. ശരീരഭാരം പൊക്കത്തിന് ആനുപാതികമാവണം. അമിതവണ്ണമാണ് ജീവിതശൈലീ രോഗങ്ങളുടെ പ്രധാന കാരണം. കൃത്രിമ ചേരുവകൾ, കൊഴുപ്പ്, മധുരം , എണ്ണ എന്നിവയെല്ലാം അമിതവണ്ണമുണ്ടാക്കും. വ്യായാമരഹിതമായ ജീവിതശൈലിയും പൊണ്ണത്തടിക്ക് കാരണമാണ്. ബോഡി മാസ് ഇൻഡക്സ് 18.5 നും 24 നും ഇടയ്ക്ക് നിലനിറുത്തുക. വയറിന്റെ ചുറ്റളവ് ആൺകുട്ടികളിൽ 90 സെന്റീമീറ്ററിനും പെൺകുട്ടികളിൽ 80 സെന്റിമീറ്ററിനും മുകളിലാവരുത്. അരക്കെട്ട് ചുറ്റളവ് ആൺകുട്ടികളിൽ 100 സെന്റീമീറ്ററിനും പെൺകുട്ടികളിൽ 88 സെന്റീമീറ്ററിനും മുകളിൽ പോകരുത് .
സൈക്ലിംഗ് , ഓട്ടം, നീന്തൽ എന്നിവയും കായിക വിനോദങ്ങളും ശീലിക്കുക. പഴങ്ങൾ, പച്ചക്കറികൾ ( ദിവസം 200 ഗ്രാം) പയർവർഗങ്ങൾ, ബദാം, വാൽനട്സ്, മുട്ട, ഡ്രൈഫ്രൂട്ട്സ് എന്നിവ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. പുകയില ഉത്പന്നങ്ങളും, ലഹരി വസ്തുക്കളും രക്താതിമർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം , കാൻസർ എന്നിവയുണ്ടാക്കും.