ന്യൂയോർക്ക്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. 11,591 പേരാണ് ഇറ്റലിയിൽ മാത്രം മരിച്ചത്. നിലവിൽ ഇറ്റലിയിൽ ഒരു ലക്ഷത്തോളം പേർ ചികിത്സയിലാണ്. 178 രാജ്യങ്ങളിൽ നിന്നായി ഇതുവരെ 7.84 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ ഒന്നരലക്ഷത്തിലധികം പേർ രോഗമുക്തരായി.
അതേസമയം, അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. മൂവായിരത്തിലധികം പേരാണ് അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചത്. സ്‌പെയിനിൽ രോഗികളുടെ എണ്ണം എൺപതിനായിരം കടന്നു. ഏഴായിരത്തിലധികം പേർ മരണപ്പെട്ടു.
ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനയിൽ 82,223 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതിൽ 75,924 പേർ രോഗമുക്തരമായി. 3308പേർ രോഗം ബാധിച്ച് മരിച്ചു. എന്നാൽ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്ക് ചൈന ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാൾ നിരവധി മടങ്ങ് അധികമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർുകൾ. വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലെ വുഹാനിൽ മാത്രം കുറഞ്ഞ് 42,000 പേർ മരിച്ചതായി പ്രദേശവാസികൾ വെളിപ്പെടുത്തിയെന്ന് ബ്രിട്ടിഷ് മാദ്ധ്യമം ഡെയ്ലി മെയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ഇന്ത്യയിൽ 1300 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രാജ്യത്ത് ഇരുന്നൂറോളം പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. നിസാമുദ്ദീൻ ദർഗയ്ക്ക് സമീപമുള്ള മർകസിൽ മതപരമായ പ്രാർത്ഥനയിൽ പങ്കെടുത്തവരിൽ കൊറോണ ബാധ സ്ഥിരീകരിച്ച ആറ് പേർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ മരണസംഖ്യ മുപ്പത് കടന്നു.