തിരുവനന്തപുരം: കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ്(68)മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
അബ്ദുൾ അസീസിന് ഉയർന്ന രക്ത സമ്മർദവും തൈറോയിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു. മൃതദേഹത്തിൽ നിന്ന് രോഗം പടരാനുള്ള സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
അതേസമയം, അബ്ദുൾ അസീസിന് എവിടെ നിന്നാണ് കൊറോണ വൈറസ് പിടിപ്പെട്ടത് എന്നാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ ഇദ്ദേഹം അടുത്ത കാലത്തൊന്നും വിദേശയാത്ര നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല.രോഗബാധയുള്ളവരുമായും ഇദ്ദേഹം അടുത്ത് ഇടപെട്ടിട്ടില്ല. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഇന്നലെ പുറത്ത് വന്നിരുന്നു.
അബ്ദുൾ അസീസ് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ യാത്ര വിവരങ്ങളും ജില്ലാ ഭരണകൂടം ശേഖരിക്കുന്നുണ്ട്. അടുത്തിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് വീടിനടുത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം ഒരു സ്വകാര്യ മെഡിക്കൽകോളേജിലും ചികിത്സ തേടി. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ഈ മാസം 23ാം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു.
ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനഫലം നെഗറ്റീവും രണ്ടാമത്തെ ഫലം പോസിറ്റീവും ആവുകയായിരുന്നു. ജില്ലയിൽ ആകെ ഏഴ് പേരാണ് കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. ബാക്കി ആറ് പേരുടെയും നില തൃപ്തികരമാണ്. 18145 പേർ വീടുകളിലും 93 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഇന്നലെ 32 പേർക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിൽ 17 പേർക്കും, കണ്ണൂരിൽ 11 പേർക്കും, വയനാട്ടിലും ഇടുക്കിയിലും രണ്ട് പേർക്ക് വീതവും ആണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരിൽ 17 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 15 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 213 പേരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.