govt-employee

ഹൈദരാബാദ്: കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം വെട്ടിക്കുറയ്ക്കാൻ തെലുങ്കാന സർക്കാർ തീരുമാനിച്ചു. പ്രഗതി ഭവനിൽ തിങ്കളാഴ്ച നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.


സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് ഇത്തരമൊരു നടപടിയിലേക്ക് സർക്കാർ കടന്നത്. സർക്കാർ പ്രഖ്യാപന പ്രകാരം മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിസഭ, എം.എൽ.എമാർ, സംസ്ഥാന കോർപ്പറേഷൻ ചെയർപേഴ്സൺമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരുടെ ശമ്പളത്തിൽ 75 ശതമാനം കുറവുണ്ടാകും.

ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, മറ്റ് കേന്ദ്ര സേവന ഓഫീസർമാർ എന്നിവരുടെ ശമ്പളത്തിൽ നിന്ന് 60 ശതമാനം വെട്ടിക്കുറയ്ക്കും. കൂടാതെ മറ്റെല്ലാ വിഭാഗത്തിലുള്ള ജീവനക്കാരുടെയും ശമ്പളത്തിലും 50 ശതമാനം കുറവുണ്ടാകും. അതേസമയം, കരാർ ജീവനക്കാരുൾപ്പെടെയുള്ളവരുടെ 10 ശതമാനം ശമ്പളമാണ് കുറയ്ക്കുക.

പെൻഷൻകാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കും. അതേസമയം, തെലങ്കാന സർക്കാരിന്റെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തിടുക്കത്തിലുള്ള തീരുമാനത്തെ പ്രതിപക്ഷമായ ബി.ജെ.പി അപലപിച്ചു. ഇത്തരത്തിലൊരു നടപടി അനാവശ്യമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.