-cm-pinarayi-vijayan

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ മാസത്തെ ശമ്പളം നൽകാൻ ഖജനാവിൽ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊറോണ വെെറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 14 വരെയാണ് കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ച് ശമ്പളം നൽകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണ് കേരളവും രാജ്യവും നേരിടുന്നത്. നികുതി ഉൾപ്പെടെ വരുമാന മാർഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം,​ ഒരു മാസത്തെ ശമ്പളമെന്ന വ്യവസ്ഥ അടിച്ചേൽപിക്കരുതെന്നും എല്ലാവർക്കും അവരാൽ സാധിക്കുന്നത്ര ദിവസത്തെ ശമ്പളം സംഭാവന ചെയ്യാൻ അവസരം ഒരുക്കണമെന്നും യു.ഡി.എഫ് സംഘടനകൾ ആവശ്യപ്പെട്ടു.

ഒരു മാസത്തെ ശമ്പളം നൽകുന്നവരിൽ നിന്നു പരമാവധി ഗഡുക്കളായി പിരിക്കണമെന്നു ഭരണപക്ഷ സംഘടനകൾ നിർദേശിച്ചു. കൊറോണ പ്രതിരോധത്തിനായി ആരോഗ്യരംഗത്തു സർക്കാരിനു വലിയ ചെലവുണ്ടെന്നും എല്ലാവർക്കും സൗജന്യ റേഷനും കിറ്റും നൽകുന്നതിന് നല്ല സാമ്പത്തിക ബാദ്ധ്യത വരുമെന്നും സംഘടനാ നേതാക്കളോട് മുഖ്യമന്ത്രി പറഞ്ഞു.