മുംബയ്: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മതം നോക്കാതെ സംസ്‌കരിക്കണമെന്ന് ബ്രിഹൻമുംബയ് മുൻസിപ്പൽ കോർപ്പറേഷൻ(ബി.എം.സി) മേധാവി പ്രവീൺ പരദേശി. സംസ്‌കാര ചടങ്ങുകളിൽ അഞ്ചിൽ കൂടുതലാളുകൾ പങ്കെടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
മൃതദേഹം കുഴിച്ചുമൂടണമെന്ന് ആരെങ്കിലും നിർബന്ധം പിടിച്ചാൽ മുംബയ് നഗര പരിധിയുടെ പുറത്ത് മാത്രമേ അനുവദിക്കുകയുള്ളുവെന്നും പ്രവീൺ പരദേശി കൂട്ടിച്ചേർത്തു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ നിലവിൽ 193പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേർ രോഗമുക്തരായി. എട്ട് പേർ രോഗം ബാധിച്ച് മരിച്ചു.
അതേസമയം, ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1300 കടന്നു. കേരളത്തിൽ നിന്നുൾപ്പെടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത് കടന്നു. വിദേശത്ത് യാത്ര ചെയ്ത് വന്നവർക്കോ, അവരുടെ ബന്ധുക്കൾക്കോ, അടുത്ത് ഇടപഴകിയവർക്കോ ആണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ എളുപ്പം സാധിക്കുന്നുണ്ട്. ലോക്ഡൗൺ ഫലപ്രദമാണ്.100 മുതൽ ആയിരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ 12 ദിവസമാണെടുത്തത്.