medical-staff

ന്യൂഡൽഹി: കൊറോണ വെെറസ് പരിശോധനയ്ക്കായി കുറഞ്ഞ നിലവാരമുള്ള സ്വയം സംരക്ഷണ ഉപകരണങ്ങൾ(പി.പി.ഇ)​ നൽകിയെന്നാരോപിച്ച് ബംഗാളിൽ മെഡിക്കൽ സ്റ്റാഫുകളുടെ പ്രതിഷേധം. ബംഗാളിലെ വിവിധ ആശുപത്രികളിൽ നിന്നായെത്തിയവരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഇവർക്ക് സ്വയം സംരക്ഷണത്തിനായി ​നൽകിയ ഉപകരണങ്ങൾ നിലവാരമില്ലെന്നാരോപിച്ചാണ് സമരം. വടക്കൻ ബംഗാളിലെ ഹൗറ ജില്ലാ ആശുപത്രിക്കു മുന്നിലാണ് പ്രതിഷേധം നടന്നത്.

കൊറോണ വെെറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനായി പി.പി.ഇ,​ സാനിറ്റെെസർ പോലുള്ള മെഡിക്കൽ സൗകര്യങ്ങൾ ഗുണമേന്മയില്ലാത്തവയാണെന്ന് ഇവർ ആരോപിച്ചു. തുടർന്ന് ഡോക്ടർമാരും നേഴ്സുമാരുമടക്കം ആശുപത്രി സൂപ്രണ്ട് ഓഫീസിനുമുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. ആശുപത്രിയിൽ ശരിയായ പി.പി.ഇ ഉപകരണങ്ങളോ,​ കെെകൾ വൃത്തിയാക്കാനായുള്ള സാനിറ്റെെസർ അടക്കമുള്ളവയുടെ ലഭ്യത കുറവുണ്ടായിരുന്നു. ശുചീകരണത്തിനാവശ്യമായ സൗകര്യങ്ങളുമില്ല. കൊറോണ വെെറസ് രോഗികൾക്ക് 30 കിടക്കകൾ ഏർപ്പെടുത്തിയിരുന്നു. അഡ്മിറ്റ് ചെയത് രോഗികൾക്ക് ശ്വാസതടസമുണ്ടായിട്ടും ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയില്ല. ജനറൽ വാർഡിലാണ് പ്രവേശിപ്പിച്ചത്. ഈ കാര്യം നമുക്കെല്ലാവർക്കും ഭീഷണിയാവുമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു നേഴ്സ് പറഞ്ഞു.

വടക്കൻ ബംഗാളിലെത്തന്നെ സിലിഗുരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇതേ പ്രശ്നം ആരോപിച്ച് ആരോഗ്യപ്രവർത്തകരടക്കം പ്രതിഷേധം നടത്തി. കൊറോണ ബാധിച്ച് മരിച്ചയാളുടെ ശവസംസ്കാര ചടങ്ങ് നടത്താൻ ആവശ്യമുള്ള മെഡിക്കൽ സൗകര്യങ്ങൾ ഇല്ലായിരുന്നെന്ന് ഇവർ ആരോപിച്ചു. ആവശ്യമായ സ്വയം സംരക്ഷണ ഉപകരണങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലും സമരം നടന്നിരുന്നു.

കൊറോണ വെെറസ് ,​എച്ച് വൺ എൻ വൺ,​ പന്നിപ്പനി,​ ചിക്കൻ പോക്സ് തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരെ പ്രത്യേകമായുള്ള ഐസൊലേഷൻ റൂമിൽ പ്രവേശിപ്പിക്കണം. ഇവിടെ മലിനീകരണ വായു നീക്കം ചെയ്യുന്നതിനായുള്ള സൗകര്യവും ആവശ്യമാണ്-ഒരാൾ പറഞ്ഞു. ഐസൊലേഷൻ വാർഡുമായി ബന്ധപ്പെടുന്ന എല്ലാ നേഴ്സുമാർക്കു ഡോക്ടർമാർക്കും പ്രത്യേകതരം കണ്ണടകൾ,​ എൻ 95 മാസ്ക്കുകൾ,​ ഷൂ,​ കയ്യുറകൾ തുടങ്ങിയതടക്കമുള്ള മെഡിക്കൽ കിറ്റുകൾ നൽകേണ്ടത് പ്രധാനമാണെന്നും ഇവർ പ്രതികരിച്ചു.

അതേസമയം,​ എല്ലാ ഡോക്ടർമാരും നേഴ്സുമാരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ദേശീയ പ്രസിഡന്റുമായ ശാന്തനു സെൻ പ്രതികരിച്ചു.