corona-uae

ദുബായ്: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിക്കൊണ്ട് യു.എ.ഇ മാനവശേഷി സ്വകാര്യവത്കരണ മന്ത്രാലയം ഉത്തരവിറക്കി. ഉത്തരവനുസരിച്ച് അധികമുള്ള ജീവനക്കാരെ പിരിച്ചുവിടാനോ, പരസ്പര ധാരണയോടുകൂടി ശമ്പളം കുറയ്ക്കാനും കമ്പനികൾക്ക് സാധിക്കും.


കൊറോണയുടെ പശ്ചാത്തലത്തിൽ സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന കമ്പനികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. അതേസമയം, ജീവനക്കാരുമായി ഇക്കാര്യം ചർച്ച ചെയ്തതിന് ശേഷമുള്ള തീരുമാനത്തിന് മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നും ഉത്തരവിൽ പറയുന്നു. കമ്പനികള്‍ തന്നെ മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ പിരിച്ചുവിടുന്ന തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി അവർക്ക് പുതിയ ജോലി വാങ്ങിക്കൊടുക്കാൻ ശ്രമിക്കണം.

അതേസമയം, ജീവനക്കാരെ പിരിച്ചുവിടുമ്പോൾ അവർക്ക് പുതിയ ജോലി നേടാനുള്ള സാവകാശം നൽകണമെന്നും, പുതിയ ജോലി കിട്ടുന്നതുവരെ താമസസ്ഥലത്ത് തുടരാൻ അനുവദിക്കണമെന്നും, കുടിശ്ശികയുള്ള ആനുകൂല്യം ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്വദേശി ജീവനക്കാർക്ക് പുതിയ നിയമം ബാധകമല്ല. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ഇത് സാരമായി ബാധിച്ചേക്കുമെന്നാണ് സൂചന.