തിരുവനന്തപുരം.സംസ്ഥാനത്ത് കോവിഡ് -19 ബാധയിൽ രണ്ടാമത്തെ മരണം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വലിയൊരു വ്യാപനത്തിലേക്ക് പോകാനിടയില്ലെന്ന ശുഭപ്രതീക്ഷയിലാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ.
അടുത്ത ഞായറാഴ്ചയാകുമ്പോൾ വ്യാപനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തെളിഞ്ഞേക്കുമെന്ന് കേരളത്തിൽ ദീർഘകാലം ആരോഗ്യവകുപ്പിന്റെ ചുമതല സമർത്ഥമായി നിർവഹിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ കേരളകൗമുദി ഓൺലൈനോട് പറഞ്ഞു. " വിദേശത്തു നിന്നുള്ള അവസാന യാത്രാ വിമാനം വന്നത് മാർച്ച് 22 നായിരുന്നു.അതനുസരിച്ച് അടുത്ത ഞായറാഴ്ചയാകുമ്പോൾ 14 ദിവസം പിന്നിടും.അപ്പോൾ കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു തോത് നിർണയിക്കാനാവും. കേരളത്തിൽ ആദ്യം വൈറസ് ബാധിച്ചത് വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്കായിരുന്നു.
രണ്ടാമത് ഇറ്റലി,യു.കെ,ദുബായ് എന്നിവിടങ്ങളിൽ നിന്നും വന്നവരിലും,അവരുമായി സമ്പർക്കത്തിലേർപ്പെട്ട വർക്കുമായിരുന്നു. ഇങ്ങനെ വിദേശങ്ങളിൽ നിന്ന് ഏറ്റവുമൊടുവിൽ വന്നവർക്കും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കും( പട്ടിക തയ്യാറാക്കിയതനുസരിച്ച്) വൈറസ് ബാധയുണ്ടായോ എന്ന ചിത്രം ഞായറാഴ്ചയോടെ അറിയാം.മൂന്നാമത്തെ ഘട്ടത്തിലേക്ക് ,അതായത് സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കുമോ ഇല്ലയോ എന്നതും മനസ്സിലാകും.".കേരളത്തിൽ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് രാജീവ് സദാനന്ദൻ പറഞ്ഞു.കേരളം ആദ്യം മുതൽക്കേ നല്ല ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.ആദ്യം തന്നെ രോഗബാധിതരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തി.ഇപ്പോൾ തന്നെ പരിശോധന നടത്തിയിട്ടില്ലാത്തവരടക്കം കുറച്ചുപേരിലെങ്കിലും കൂടി ചെറിയ തോതിലെങ്കിലും വൈറസ് ബാധയുണ്ടായേക്കാം. അങ്ങനെയാണെങ്കിൽത്തന്നെ നമ്മുടെ സംവിധാനത്തിന് അതെല്ലാം നേരിടാൻ കഴിയും.കാരണം ഇരുപതിനായിരത്തോളം പേർക്ക് ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്.കേരളത്തിലെ സ്ഥിതി ആ നിലയ്ക്ക് ആശങ്കാജനകമല്ലെന്നും രാജീവ് സദാനന്ദൻ പറഞ്ഞു.
ഹോപ്കിൻസ് സർവകലാശാലയുടേതെന്ന പേരിൽ കേരളത്തെക്കുറിച്ച് വലിയൊരു കണക്ക് സോഷ്യൽ മീഡിയയിലൊക്കെ പ്രചരിക്കുന്നുണ്ട്.അത് സെന്റർ ഫോർ ഡിസീസ്,ഡൈനാമിക്സ്,ഇക്കണോമിക്സ് ആൻഡ് പോളിസി (സി.ഡി.ഡി.ഇ.പി )യുടേതാണ്.ഹോപ്കിൻസിലെ ചിലർ അതിൽ അംഗങ്ങളാണെന്നേയുള്ളുവെന്നും രാജീവ് സദാനന്ദൻ പറഞ്ഞു.നിപ്പ വൈറസ് ബാധയുണ്ടായ കാലത്തടക്കം കേരളത്തിൽ ആരോഗ്യവകുപ്പിന്റെ ചുക്കാൻ പിടിച്ച രാജീവ് സദാനന്ദൻ സർവ്വീസിൽ നിന്ന് വിരമിച്ചശേഷം ഇപ്പോൾ ആരോഗ്യമേഖലയിൽ ഗവേഷണമടക്കം നടത്തുന്ന ഒരു നോൺ പ്രോഫിറ്റ് ഹെൽത്ത് ട്രാൻസ്മിഷൻ പ്ളാറ്റ്ഫോമിന്റെ സി.ഇ.ഒയായി ഡൽഹിയിലാണ്.ഡൽഹിയിൽ നിന്നും ഈയിടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ അദ്ദേഹം വീട്ടിൽ സെൽഫ് ക്വാറന്റൈനിലാണ്.