karnataka

കൊച്ചി: കൊറോണ വെെറസ് പടരുന്ന പശ്ചാത്തലത്തിൽ അടച്ച കാസർകോട് അതിർത്തി തുറക്കില്ലെന്ന് കർണാടകം. കാസർകോട് അ‌തിർത്തിയിലെ റോഡുകൾ തുറക്കാനാവില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് കർണാടക അ‌ഡ്വക്കേറ്റ് ജനറൽ ഹെെക്കോടതിയെ അ‌റിയിച്ചു. അതേസമയം,​ അ‌ടച്ച വയനാട്, കണ്ണൂർ അ‌തിർത്തികൾ തുറക്കാമെന്ന് കര്‍ണാടകം ​ഹൈക്കോടതിയിൽ വ്യക്തമാക്കി. അതിർത്തി അടച്ചതിന് എതിനെതിരായ പൊതുതാൽപര്യ ഹര്‍ജിയിലാണ്‌ ​ഹൈക്കോടതി ഇപ്പോൾ വാദം കേൾക്കുന്നത്.

വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. രോഗികളെ തടയരുതെന്ന് കേസ് പരിഗണിക്കവേ ​ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അ‌തേസമയം, പൗരാവകാശ ലംഘനമാണ് നടക്കുന്നതെന്നും കേരളത്തിലെ പൗരൻമാർക്ക് അ‌വശ്യസാധനങ്ങളും ചികിത്സയും കിട്ടാത്ത സാഹചര്യമുണ്ടെന്നും കേരളം വ്യക്തമാക്കി. ദേശീയപാത അ‌ടക്കാൻ കർണാടകത്തിന് അ‌നുമതിയില്ലെന്നും ഇരിട്ടി, കുടക്, വിരാജ്പേട്ട റോഡുകൾ തുറക്കണമെന്നും കേരളം ആവശ്യമുന്നയിച്ചു.