പട്യാലയിലെ ക്യാമ്പിൽ തുടരുന്ന ഇന്ത്യൻ അത്‌ലറ്റുകളുടെ പരിശീലനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഇന്ത്യൻ ടീം ഡെപ്യൂട്ടി ചീഫ് കോച്ച് പി. രാധാകൃഷ്ണൻ നായർ സംസാരിക്കുന്നു.
ഒളിമ്പിക്സിന് പുതിയ തീയതി പ്രഖ്യാപിച്ചതോടെ പട്യാലയിലെ ഇന്ത്യൻ അത്‌ലറ്റിക്സ് ക്യാമ്പിൽ അൽപ്പം ആശ്വാസമായിട്ടുണ്ട്. ഒളിമ്പിക്സിന് യോഗ്യത നേടിയവരും നേടാൻ കാത്തിരിക്കുന്നവരുമായ എൺപതിലധികം കായികതാരങ്ങളും മുപ്പതിലധികം പരിശീലകരുമടക്കം 114 പേരാണ് ഇപ്പോൾ പട്യാലയിലുള്ളത്. ഒളിമ്പിക്സ് ലക്ഷ്യമിട്ട് അവസാനഘട്ടപരിശീലനത്തിലായിരുന്നു കായിക താരങ്ങൾ.
കൊറോണ ഒളിമ്പിക്സിനെ മാത്രമല്ല ഒളിമ്പിക്സിനായി മാത്രം അത്‌ലറ്റുകൾ നടത്തിവന്ന പരിശീലന പദ്ധതിയെക്കൂടി താളം തെറ്റിച്ചുകളഞ്ഞുവെന്ന് ക്യാമ്പിൽ താരങ്ങൾക്കൊപ്പമുള്ള ഇന്ത്യൻ ടീം ഡെപ്യൂട്ടി ചീഫ് കോച്ചും മലയാളിയുമായ പി. രാധാകൃഷ്ണൻ നായർ പറയുന്നു.
കഴിഞ്ഞ കുറച്ചുവർഷങ്ങളായുള്ള അത്‌ലറ്റുകളുടെ പരിശ്രമമാണ് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ താത്കാലികമായെങ്കിലും പൊലിഞ്ഞിരിക്കുന്നത്. ഇവരാരും ഒറ്റയടിക്ക് ഒളിമ്പിക് യോഗ്യത നേടിയവരല്ല.പടിപടിയായുള്ള ശാസ്ത്രീയ പരിശീലനത്തിലൂടെ ഒളിമ്പിക്സ് വേദിയിൽ തങ്ങളുടെ പരമാവധി കഴിവ് പുറത്തെടുക്കാനാണ് എല്ലാ അത്‌ലറ്റുകളും ലക്ഷ്യമിടുന്നത്. പലരും അവസാന ഘട്ടത്തിലെ അതിതീവ്രപരിശീലന രീതിയിലേക്ക് കടന്നുകഴിഞ്ഞിരുന്നു.അപ്പോഴാണ് ലോക്ക്ഡൗൺ വന്നതും പരിശീലനം മുടങ്ങുന്നതും.
ഇൗ ഘട്ടത്തിൽ പരിശീലനം പെട്ടെന്ന് നിറുത്തിവയ്ക്കേണ്ടിവരുന്നത് അത്‌ലറ്റുകളെ ശാരീരികമായും മാനസികമായും ബാധിക്കുമെന്ന് രാധാകൃഷ്ണൻ നായർ പറയുന്നു. മത്സരത്തിന് നിശ്ചിത കാലയളവ് മുമ്പ് മാത്രമേ അതിതീവ്ര പരിശീലനം ആവശ്യമുള്ളൂ. കൂടുതൽ കാലം ഇൗ രീതിയിൽ പരിശീലനം തുടർന്നാൽ പരിക്കുകൾ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പരിശീലനതന്ത്രങ്ങൾ മാറ്റേണ്ടിവരും. ഒരുവർഷത്തിനുള്ളിൽ വീണ്ടും അതിതീവ്രശൈലിയിലേക്ക് എത്തുന്ന രീതിയിൽ ഘട്ടംഘട്ടമായി മാത്രമേ പരിശീലനം നടത്താനാകൂ. ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം മാത്രമേ പുതിയ പരിശീലനം ഷെഡ്യൂൾ ചെയ്യാൻ കഴിയൂവെന്നും താരങ്ങൾക്ക് മാത്രമല്ല പരിശീലകർക്കും ഒളിമ്പിക്സ് മാറ്റിവച്ചത് വലിയ വെല്ലുവിളിയാണെന്ന് രാധാകൃഷ്ണൻ നായർ ചൂണ്ടിക്കാട്ടുന്നു.
ലോക്ക് ഡൗണിലെ പരിശീലനം
പട്യാലയിലെ ക്യാമ്പിൽ സ്വന്തം മുറിയ്‌ക്കകത്തുള്ള വ്യായാമങ്ങൾ മാത്രമേ ചെയ്യാനാകുന്നുള്ളൂ. ഹോസ്റ്റൽ വരാന്തകളിൽ മൂന്ന് മീറ്ററെങ്കിലും അകലത്തിൽ നിന്ന് രാവിലെ അൽപ്പംനേരം കുറച്ചുപേർ വ്യായാമം ചെയ്യുന്നുണ്ട്. മെസിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഇപ്പോഴില്ല. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചുള്ള ഭക്ഷണരീതിയാണ്. ക്യാമ്പിൽ നിന്ന് ആർക്കും പുറത്തേക്ക് പോകാനാവില്ല. അകത്തേക്ക് ആരെയും കടത്തുന്നുമില്ല. ഒളിമ്പിക്സിന് യോഗ്യത നേടിക്കഴിഞ്ഞവർക്ക് ആശ്വാസമാണ്. ഇനിയും യോഗ്യതനേടാനുള്ളവർ മത്സരങ്ങൾ എന്ന് നടക്കുമെന്ന ആകാംക്ഷയിലും.